കായല്‍ കൈയേറ്റം: തോമസ് ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത് മാറ്റി
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി. തോമസ് ചാണ്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. വൈറല്‍ പനിയായതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് കഴിഞ്ഞദിവസം സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു.
രണ്ടാഴ്ചത്തേക്കു കേസ് നീട്ടിവയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കേസ് പരിഗണിക്കുന്ന തിയതി നിശ്ചയിച്ചില്ല. കേസ് ഇന്നലെ ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള രണ്ടംഗബെഞ്ചായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.
എന്നാല്‍, ഹരജി എടുക്കുകപോലും ചെയ്യാതെ മറ്റ് കേസിലേക്കു ബെഞ്ച് നീങ്ങുകയായിരുന്നു. ജഡ്ജിമാരുടെ പിന്മാറ്റംകാരണം തോമസ് ചാണ്ടിയുടെ കേസ് പരിഗണയ്ക്കെത്തുന്ന നാലാമത്തെ ബെഞ്ചാണ് ബോബ്ഡെയുടേത്.
കൈയേറ്റ കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും തന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള കലക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ ഭാഗമായ തുടര്‍നടപടികളും സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."