ലോകബാങ്ക് സഹായത്തോടെ ആറ് ജലാശയങ്ങള്‍ ശുചീകരിക്കുന്നു
തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെ സംസ്ഥാനത്തെ ആറ് ജലാശയങ്ങള്‍ ശുചീകരിക്കുന്നു. പമ്പ, പെരിയാര്‍, ഭാരതപ്പുഴ എന്നീ നദികളും അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നീ കായലുകളുമാണ് ശുചിയാക്കുന്നത്.
ലോക ബാങ്കിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണ് പണം അനുവദിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ 2016ലെ ബജറ്റില്‍ രാജ്യത്തെ പ്രധാന നദികളും തടാകങ്ങളും ശുചിയാക്കാന്‍ 3,679.76 കോടി വകയിരുത്തിയിരുന്നു. ഇതില്‍ 1,839.88 കോടി ലോക ബാങ്കിന്റെ പ്രത്യേക ഫണ്ടില്‍നിന്ന് വായ്പയെടുക്കാനും തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നാണ് ആറു ജലാശയങ്ങളുടെ ശുചീകരണത്തിന് 45 കോടി അനുവദിച്ചത്.
വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനം സന്ദര്‍ശിച്ച് തുക അനുവദിക്കും. കേന്ദ്ര സര്‍ക്കാരായിരിക്കും പണം തിരിച്ചടക്കുക. കേന്ദ്രം സംസ്ഥാനത്തിന് ഗ്രാന്റായാണ് പണം നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഈ മൂന്നു കായലുകളും മൂന്നു നദികളും ശുചിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ശബരിമല തീര്‍ഥാടന കാലത്താണ് പമ്പാ നദി പ്രധാനമായും വൃത്തിഹീനമാകുന്നത്. പമ്പയില്‍ ചെറുതും വലുതുമായ ഒട്ടനവധി കുടിവെള്ള പദ്ധതികളുണ്ട്.
ഓടകളില്‍കൂടി മാലിന്യങ്ങള്‍ തള്ളുന്നതാണ് നിളയുടെ നാശത്തിന് കാരണം. മാലിന്യങ്ങള്‍ കൊണ്ട് ഭാരതപ്പുഴയിലിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. പെരിയാറാകട്ടെ രാസമാലിന്യങ്ങള്‍ മൂലമാണ് മലിനീകരിക്കപ്പെടുന്നത്. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നീ കായലുകളും മലിനമായതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ടൗണിലെ മാലിന്യങ്ങള്‍ മുഴുവന്‍ തള്ളുന്നത് അഷ്ടമുടിക്കായലിലും ശാസ്താംകോട്ടയിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."