വിവരാവകാശനിയമം; സര്‍ക്കാര്‍ നിലപാടില്‍ കഴമ്പില്ലെന്ന് കാനം
കൊച്ചി: വിവരാവകാശനിയമം വിലക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ ഉന്നയിക്കുന്ന വാദത്തില്‍ കഴമ്പില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കൊച്ചി ചാനവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വിവരാവകാശനിയമവും മന്ത്രിസഭാതീരുമാനവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് കാര്യമാണ് ഇവിടെ നടക്കുന്നത്. ഒരു വിഷയത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കുന്നത് വരെ മാത്രമാണ് രഹസ്യസ്വഭാവമുള്ളതെന്നും തീരുമാനമെടുത്തുകഴിഞ്ഞാല്‍ പിന്നീടത് പരസ്യമാണെന്നും കാനം പറഞ്ഞു. വിവരാവകാശത്തിന്റെ ചിറകരിയാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കും. വിവരാവകാശനിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ പൗരന്‍മാര്‍ക്ക് അനുവദിച്ച് നല്‍കാന്‍ ശേഷിയുള്ള ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് ഡി.ബി ബിനു മോഡറേറ്ററായി. പി.സി സിറിയക്, എം.ആര്‍ രാജേന്ദ്രന്‍നായര്‍, കെ.എന്‍.കെ നമ്പൂതിരി, ഡോ.ബിന്ദു ജോസഫ്, ഫാ.റോബി കണ്ണഞ്ചിറ, എ ജയകുമാര്‍ സംസാരിച്ചു.
കാനത്തിന്
മുഖ്യമന്ത്രിയുടെ താക്കീത്
തിരുവനന്തപുരം: വിവരാവകാശ വിവാദം സംബന്ധിച്ച സി.പി.ഐ വിമര്‍ശനത്തിനെതിരേ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടല്ല, അനാവശ്യ വിവാദം ഒഴിവാക്കാമെന്ന് കരുതി മാത്രമാണ് മൗനം പാലിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രി പരോക്ഷമായി സി.പി.ഐയ്‌ക്കെതിരേ ആഞ്ഞടിച്ചത്.
സര്‍ക്കാര്‍ വിവരാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല. പുകമറ സൃഷ്ടിക്കുന്നതെന്തിനാണെന്ന് ഇത്തരക്കാര്‍ വ്യക്തമാക്കണം. ചില വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് അതിര്‍ത്തിയിലുള്ള പട്ടാളക്കാരുടെ വിവരങ്ങള്‍ വിവരാവകാശ നിയമം വഴി പുറത്തുവിടാന്‍ കഴിയുമോ? ഇക്കാര്യം ഉദാഹരിച്ചാണ് ചില കാര്യങ്ങള്‍ പുറത്തുവിടാന്‍ പറ്റില്ലെന്ന് അന്നും പറഞ്ഞത്. അത് വിവരാവകാശ നിയമത്തിന് എതിരാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."