സഊദിയില്‍ ജയില്‍മോചനം കാത്ത് രണ്ടു മലയാളികള്‍
റിയാദ്: സഊദിയിലെ തെക്കു പടിഞ്ഞാറു മേഖലയിലെ രണ്ടു ജയിലുകളിലായി മലയാളികളടക്കം 13 ഇന്ത്യക്കാര്‍ മോചനം കാത്ത് കഴിയുന്നു. അസീര്‍ പ്രവിശ്യയിലെ ബിഷ, തത്ലീസ് ജയിലുകളിലാണ് ഇന്ത്യക്കാര്‍ മോചനവഴി തേടി കഴിയുന്നത്.
കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച കോണ്‍സല്‍ സംഘമാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ കുറിച്ച് വിവരം നല്‍കിയത്. കൊലപാതകമടക്കമുള്ള വിവിധ കേസുകളിലാണ് ഇവര്‍ ജയിലുകളില്‍ കഴിയുന്നതെന്ന് വിവരമറിയാനെത്തിയ വൈസ് കോണ്‍സല്‍ ശിഹാബുദ്ധീന്‍ ഖാന്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ റിയാസ് ജീലാനി, എന്നിവര്‍ അറിയിച്ചു. സന്ദര്‍ശനത്തോടനുബന്ധിച്ച് ജയില്‍ മേധാവിയുടെ സംഘം വിശദമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തടവില്‍ കഴിയുന്ന രണ്ടു മലയാളികളിലൊരാള്‍ മദ്യ നിര്‍മാണ കേസിലും മറ്റെയാള്‍ നിയമ ലംഘകനെ വാഹനത്തില്‍ കയറ്റിയ കേസിലുമാണ് വിചാരണ നേരിടുന്നത്. മദ്യ നിര്‍മാണ കേസില്‍ അഞ്ചു തമിഴ്നാട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശുകാരനും ഇവിടെയുണ്ട്.
പാകിസ്ഥാന് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുപി സ്വദേശിയാണ് കഴിയുന്നത്. മോഷണക്കേസില്‍ രണ്ടു കൊല്‍ക്കത്ത സ്വദേശികളും മയക്കുമരുന്നു കേസില്‍ ഒരു ബിഹാറിയും ഇവിടെയുണ്ട്. കൂടാതെ, വാഹനാപകട കേസില്‍ ദിയ ധനം നല്കാന് കഴിയാതെ ഒരു ബിഹാര്‍ സ്വദേശിയും തത്ലീസ് ജയിലിലും ഒരു വനിതാ ഉള്‍പ്പെടെ നാല് പേര് ബിഷ നാടുകടത്തല്‍ കേന്ദ്രത്തില്‍ ഉണ്ടെന്നും സംഘം അറിയിച്ചു.
തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കോണ്‍സല്‍ സംഘം അറിയിച്ചു. ബിശയിലെ സാമൂഹ്യ പ്രവര്‍ത്തകനും കോണ്‍സുലെറ്റ് വെല്‍ഫെയര്‍ അംഗവുമായ അബ്ദുല്‍ അസീസ് പാതിപ്പറമ്പന് കൊണ്ടോട്ടിയും സംഘത്തെ അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."