പച്ചപ്പുല്‍മേടുകളിലെ നനുത്ത കാറ്റ്
പ്രിയ സുഹൃത്ത് ലാല്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് കോഴിക്കോട് കക്കയത്തിനടുത്തുള്ള കരിയത്തുംപാറ എന്ന മനോഹരമായ സ്ഥലത്തേക്കു യാത്ര തിരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം കരിയത്തുംപാറ ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഉച്ചയ്ക്കു പന്ത്രണ്ട് മണിയോടെ കരിയത്തുംപാറയിലെത്തി. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കു പറ്റിയ സ്ഥലം. നീന്തല്‍ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ശരീരം തണുപ്പിക്കാന്‍ തെളിര്‍മയാര്‍ന്ന വെള്ളവും സുലഭം.
പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമാണ് കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ തന്നെ കരിയാത്തുംപാറയിലും ഒട്ടേറെ മരങ്ങള്‍ വെള്ളത്തിനടിയിലും പകുതി പുറത്തുമായൊക്കെയുണ്ട്. അതിമനോഹരമായ പുല്‍മേടുകള്‍. ഒറ്റ നോട്ടത്തില്‍ തന്നെ ഒരുപാട് ഇഷ്ടം തോന്നിയ സ്ഥലം. എനിക്കു മാത്രമല്ല, കൂടെ വന്നവര്‍ക്കും പെരുത്തിഷ്ടമായി.
സമയം ഉച്ചയായെങ്കിലും തണുത്ത കാറ്റ് വീശുന്നു. പച്ചപ്പുല്‍മേടുകളിലേക്കു നോക്കിയിരിക്കാന്‍ പ്രത്യേക സുഖം. നല്ല തണുത്ത വെള്ളം. വെള്ളത്തിനടിയിലെ ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെയുള്ള നടത്തമാണു ചെറുതായി പ്രയാസം തോന്നിയത്. ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിനു വരുന്ന നവദമ്പതികളുടെ ഏറെ പ്രിയപ്പെട്ട കേന്ദ്രമാണിവിടം. നല്ല തെളി നീരൊഴുകുന്ന അരുവിയില്‍ മുങ്ങിക്കുളിക്കാന്‍ ഒരു തോര്‍ത്തുമുണ്ടുംകൂടെ കരുതാന്‍ മറക്കരുത്. ഇത്രയും മനോഹരമായ ഈ സ്ഥലത്തേക്കു പ്രവേശിക്കാന്‍ പ്രവേശന പാസോ മറ്റോ ഇല്ല എന്നതാണു പ്രത്യേകത. തെളിമയാര്‍ന്ന വെള്ളത്തില്‍ നീരാടാം... ഇളം കാറ്റേറ്റു മരത്തണലിലിരിക്കാം. പച്ചപ്പുല്‍മേടുകളെ തഴുകി നടക്കാം.
ഉരുളന്‍കല്ലിനു മുകളിലൂടെ നടന്ന് ഒരുവിധം പച്ചപ്പുല്‍മേടുകളുടെ മുകളിലെത്തി. കുടുംബസമേതം ഒട്ടേറെ യാത്രികരാണിവിടെ വന്നിട്ടുള്ളത്. കാഴ്ചയ്ക്കു നിറംപകരുന്ന തരം മരങ്ങള്‍ അതിവിദഗ്ധനായ ഒരു ശില്‍പി ക്രമീകരിച്ചതു പോലെ തോന്നി. അത്രയ്ക്കു മനോഹരം. വൈകുന്നേര സമയങ്ങളിലാണിവിടെ കാഴ്ചയ്ക്കു നിറം കൂടുക. ധ്വനി, കാറ്റത്തെ കിളിക്കൂട്, തിടമ്പ്, ഏയ് ഓട്ടോ, കാക്കി, പിന്‍ഗാമി, വ്യൂഹം, ഇന്ത്യന്‍ റുപ്പി അടക്കം ഒട്ടേറെ ചിത്രങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
കരിയത്തുംപാറയില്‍നിന്നു മടങ്ങുന്ന വഴിക്ക് കക്കയം ഡാം, വയലട എന്നിവിടങ്ങളിലേക്കും പോകാന്‍ മറക്കരുത്. അവിടെയുമുണ്ട് നിറമുള്ള ഒട്ടേറെ കാഴ്ചകള്‍. കക്കയം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. കാട്ടിനുള്ളിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമാണ്. പോകുന്ന വഴിയില്‍ ഭക്ഷണശാലയില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും കൂടെ കരുതുക. വാഹനത്തിന്റെ കണ്ടീഷന്‍ ഉറപ്പുവരുത്തുകയും വേണം. പോകുന്ന വഴിയിലൂടെയെല്ലാം ചെറിയ ചോലകളും മനോഹരമായ വ്യൂ പോയിന്റുകളുമുണ്ട്. ചെറിയ റോഡുകളായതുകൊണ്ടു തന്നെ വളരെ ശ്രദ്ധിച്ചുവേണം വാഹനമോടിക്കാന്‍. എതിരെ വരുന്ന വാഹനങ്ങള്‍ പെട്ടെന്നു കാണാന്‍ സാധിക്കില്ല.
ഡാം സൈറ്റിലേക്കു പോകുന്ന വഴിയരികിലൊക്കെയും അതിമനോഹരമായ കാഴ്ചകളാണ്. സൂയിസൈഡ് പോയിന്റിനെ ഓര്‍മിപ്പിക്കുന്ന താഴ്‌വരകളില്‍ തെളിഞ്ഞ പുഴയുടെ വെള്ളിത്തിളക്കങ്ങള്‍. വാഹനത്തില്‍ നന്നായി ശ്രദ്ധിച്ചുവേണം പോകാന്‍. അത്രയ്ക്ക് ആഴത്തിലുള്ള കൊക്കയാണ് ഇവിടേക്കുള്ള യാത്രയില്‍ മുഴുനീളം താണ്ടേണ്ടി വരിക.
ഡാം സൈറ്റിലെ ഹൃദയഹാരിയായ പ്രകൃതി, ഇരുണ്ട വനം, തണുത്തുറഞ്ഞ കാട്ടാറിലെ തെളിനീര്‍ തുടങ്ങി മനോഹരമായ കാഴ്ചകളുമെല്ലാം ചേരുമ്പോള്‍ യാത്ര ചെയ്യാന്‍ ബഹുരസമാണ്. കക്കയത്തെ പഴയ പൊലിസ് ക്യാംപിനെക്കുറിച്ചും ഭീകരാവസ്ഥയെക്കുറിച്ചും ഒട്ടേറെ കഥകള്‍ കേട്ടതാണ്. അതെല്ലാം മനസിലേക്ക് ഓര്‍ത്തെടുക്കുമ്പോള്‍ ഭയം ഇരട്ടിക്കും. അടിയന്തരാവസ്ഥക്കാലവും നക്‌സല്‍ വേട്ടയും രാജന്റെ തിരോധാനവും കക്കയം കാംപും എല്ലാം ഇന്നലെ വായിച്ചതുപോലെ തോന്നി. പഴയ പൊലിസ് ക്യാംപ് ഇപ്പോള്‍ ഫോറസ്റ്റ് ക്യാംപാണ്.
ഡാമിലെത്തിയാല്‍ ഡാം റിസര്‍വോയറിന്റെ ഒരു ഭാഗം മനോഹരമായ തടാകമായി നമ്മുടെ മുന്നില്‍ തെളിയും. നനുത്ത കാറ്റേറ്റു മരത്തടികള്‍ കൊണ്ടൊരുക്കിയ ബെഞ്ചുകളില്‍ ഇരിക്കുന്നത് മനോഹരമായ അനുഭവമാണ്. അഞ്ചു പേര്‍ക്ക് 900 രൂപ നിരക്കില്‍ മികച്ച ബോട്ട് സര്‍വിസുമുണ്ടിവിടെ. ദ്വീപിലൂടെ യാത്ര ചെയ്യുന്നതുപോലെ തോന്നിപ്പിക്കും വിധമുള്ള ബോട്ട് യാത്ര. രാവിലെ 10.30നു തുടങ്ങി വൈകിട്ടു നാലര വരെയാണ് ബോട്ട് സര്‍വിസ്. 15 മിനുട്ടേ ഉള്ളതെങ്കിലും ബോട്ട്‌യാത്ര ആര്‍ക്കും മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പ്.
ഇങ്ങനെ പോകാം
കോഴിക്കോട്ടുനിന്ന് കരിയത്തുംപാറയിലേക്ക്: 50 കിലോമീറ്റര്‍.
കോഴിക്കോട്-വെങ്ങളം-ബാലുശ്ശേരി-കരിയത്തുംപാറ പാതയില്‍(ബാലുശ്ശേരിയില്‍നിന്ന് 25 കിലോ മീറ്റര്‍)
കക്കയം ഡാം: കരിയത്തുംപാറയില്‍നിന്ന് ഇടത്തേക്കു തിരിഞ്ഞ് 17 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കക്കയം ഡാമിലെത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."