കേരളത്തിന് അവകാശപ്പെട്ട അഞ്ചു കോടി ലിറ്റര്‍ വെള്ളം തമിഴ്‌നാട് പമ്പ് ചെയ്‌തെടുക്കുന്നു
പാലക്കാട്: കേരളത്തിന് അവകാശപ്പെട്ട വെള്ളം ഉപയോഗിച്ച് തമിഴ്‌നാട് രണ്ടര കോടി ലിറ്റര്‍ കപ്പാസിറ്റിയുള്ള അബ്രാംപാളയം പുഴയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയിലൂടെ ഇപ്പോള്‍ കോയമ്പത്തൂരിലേക്ക് വരെ കുടിവെള്ളം കൊണ്ടുപോകുന്നു. അബ്രാംപാളയം പുഴക്ക് നടുവില്‍ 2004ലാണ് കുടിവെള്ളപദ്ധതിക്ക് തുടക്കമിട്ടത്.
2006ല്‍ പൂര്‍ത്തിയാക്കി അന്ന് 25,920,000 ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്പോള്‍ ദിവസം അഞ്ചുകോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്‌തെടുക്കുന്നുണ്ട്. ഒരു മിനിറ്റില്‍ 18,086 ലിറ്റര്‍ കപ്പാസിറ്റിയുള്ള മോട്ടോര്‍ ഉപയോഗിച്ച് മൂന്ന് ടാങ്കുകളില്‍ വെള്ളം നിറച്ചു ശുദ്ധീകരിച്ചാണ് വെള്ളം കൊണ്ട് പോകുന്നത്.
രാത്രിയും, പകലും പുഴയില്‍ നിന്നും വെള്ളമടിക്കുന്നുണ്ട്. ഇതിനു പുറമെ കേരളത്തിലേക്ക് വെള്ളം നല്‍കുന്ന മണക്കടവ് വിയറു വരെ നാല് വന്‍കിട കുടിവെള്ള പദ്ധതികളും, ഗ്രാമപഞ്ചായത്തുകളുടെ 20 ചെറുകുടിവെള്ള പദ്ധതികളും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ഇതിനാല്‍ കേരളത്തിന് തുറന്നു വിടുന്ന വെള്ളത്തില്‍ വന്‍ കുറവ് വരുന്നുണ്ട്. ആളിയാര്‍ ഡാമില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തില്‍ പാതി മാത്രമാണ് മണക്കടവിലെത്തുമ്പോള്‍ പുഴയിലുണ്ടാവുന്നത്. ഇതിനാല്‍ ആളിയാര്‍ വെള്ളമില്ലെന്ന പേരില്‍ കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നല്‍കാന്‍ തമിഴ്‌നാട് വിസമ്മതിക്കുകയാണ്.
ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാട് ജല അതോറിട്ടിയുടേതുള്‍പ്പെടെ അഞ്ചു കുടിവെള്ള കമ്പനികളുമുണ്ട്. ഇതില്‍ മൂന്നെണ്ണം സ്വകാര്യ വ്യക്തികളുടേതാണ്.
ഈ കുടിവെള്ള കമ്പനികള്‍ ഒരു ദിവസം ഒരു കോടിയോളം ലിറ്റര്‍ വെള്ളം ചോര്‍ത്തിയെടുക്കുന്നുമുണ്ട്. അവര്‍ രാത്രിയാണ് പുഴയിലൂടെ വെള്ളം ചോര്‍ത്തിയെടുക്കുന്നത്. ഇതിനായി കൂറ്റന്‍ പൈപ്പുകള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരേ തമിഴ്‌നാട് ജലസേചനവകുപ്പോ പൊലിസോ പരാതി നല്‍കിയാലും നടപടിയെടുക്കാറില്ല.
രാഷ്ട്രീയ പിടിപാടാണ് കാരണം. ഉദ്യോഗസ്ഥര്‍ ഇതിനെ ഭയന്ന് ഇവര്‍ക്കെതിരേ നടപടിക്ക് മുതിരാറുമില്ല. മാത്രമല്ല ഈ വെള്ളം കേരളത്തിന് അളന്ന് നല്‍കാനുള്ളതാണ്. സ്വകാര്യ കുടിവെള്ളഫാക്ടറികള്‍ക്കു പുറമേ സ്വകാര്യ തോട്ടങ്ങളിലേക്കും മോട്ടോറുകള്‍ സ്ഥാപിച്ച് പുഴ വെള്ളം അടിച്ചെടുക്കുന്നു.
ഇതൊന്നും കാണാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് കഴിയാറുമില്ല. ഈയൊരു സാഹചര്യത്തിലാണ് കേരളത്തിന് ആളിയാറില്‍ വെള്ളമില്ലെന്ന പേരില്‍ അവകാശപ്പെട്ട വെള്ളം തമിഴ്‌നാട് നല്‍കാതിരിക്കുന്നത്.
അബ്രാംപാളയത്തിലെ കുടിവെള്ള പദ്ധതിയില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരം ഇരുമ്പു പൈപ്പ് ലൈനിട്ടാണ് കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."