വൃദ്ധസംരക്ഷണത്തിനു നിയമമുണ്ടായാല്‍ മാത്രം പോരാ
വാര്‍ധക്യത്തില്‍ തുണയാകേണ്ട മക്കള്‍തന്നെ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലും വഴിയോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി മാതാപിതാക്കള്‍ വൃദ്ധസദനങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. നല്ലകാലത്ത് സ്‌നേഹവും പരിചരണവും ആവോളം നല്‍കി വളര്‍ത്തി വലുതാക്കിയ മക്കള്‍തന്നെയാണു മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ ഈ തരത്തിലുള്ള ക്രൂരതചെയ്യുന്നത്.
ക്രൂരതചെയ്യുന്നവരെ ശിക്ഷിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമസംവിധാനങ്ങളുണ്ടെങ്കിലും അതൊക്കെ കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നതാണു വസ്തുത. ഇതുകൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. പാശ്ചാത്യനാടുകളിലെ വൃദ്ധസദനങ്ങളെക്കുറിച്ച് പണ്ട് നമ്മള്‍ അതിശയത്തോടെയാണു കേട്ടിരുന്നത്. മക്കള്‍ മാതാപിതാക്കളെ ഇങ്ങനെയൊക്കെ ചെയ്യുമോയെന്നായിരുന്നു അന്നു നമ്മുടെ ചോദ്യം. ഇന്നു പശ്ചാത്യ നാടുകളിലെ വൃദ്ധസദനങ്ങളെ കടത്തിവെട്ടുന്ന രീതിയില്‍ ഇവിടെ അവ മുളച്ചുപൊന്തുകയാണ്.
കഴിഞ്ഞദിവസം അസം സര്‍ക്കാര്‍ ഒരു നിയമം പാസാക്കുകയുണ്ടായി. വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ ശമ്പളത്തില്‍നിന്ന് അവരുടെ സംരക്ഷണച്ചെലവിന് ആവശ്യമായ പണം ഈടാക്കുമെന്നാണു നിയമം. 2007 ല്‍ പാര്‍ലമെന്റ് പാസാക്കിയ മെയിന്റനന്‍സ് ആന്റ് വെല്‍ഫെയര്‍ ഒാഫ് പേരന്റസ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുന്നതിനും അവരുടെ പക്കല്‍നിന്നു സംരക്ഷണച്ചെലവ് ഈടാക്കാനും വ്യവസ്ഥയുണ്ട്. ആ നിയമം ഇവിടെ പ്രായോഗികമാകുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ അസം സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുതുമയുള്ളതല്ല.
ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ വൃദ്ധസദനങ്ങളുള്ളതു സാക്ഷരതയിലും സംസ്‌കാരത്തിലും കേമമാണന്ന് അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനത്താണ്. ഇവിടെ എകദേശം 516 വൃദ്ധസദനങ്ങള്‍ സര്‍ക്കാരിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ നിരവധി സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. വയോജനങ്ങളെ പരിപാലിക്കല്‍ പലര്‍ക്കും വ്യവസായമാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ പേരുകേട്ട വ്യവസായിപോലും ഈ രംഗത്തേയ്ക്കു വന്നിട്ടുണ്ടാകുക.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ വൃദ്ധസദനം സന്ദര്‍ശിച്ച ഒരു സുഹൃത്തു പറഞ്ഞത് അവിടെ വൃദ്ധസദനങ്ങളില്‍ മക്കള്‍ ഒഴിവുദിനങ്ങളില്‍ നിര്‍ബന്ധമായും മാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവരോടൊപ്പം ചെലവഴിക്കുകയും ചെയ്യണമെന്നാണ്. ഇതില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും. മിക്ക പാശ്ചാത്യ നാടുകളിലെയും രീതി ഇതാണ്. നമ്മുടെ നാട്ടില്‍ വൃദ്ധസദനത്തില്‍ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ തിരിഞ്ഞുനോക്കില്ല. വൃദ്ധസദനത്തില്‍ മരിച്ച അമ്മയുടെ ശവസംസ്‌കാരച്ചടങ്ങില്‍പ്പോലും പങ്കെടുക്കാതിരുന്ന ഡോക്ടറായ മകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകനും വസിക്കുന്ന നാടാണിത്.
ഇത്തരത്തില്‍ നന്ദികേടു കാണിച്ച മക്കള്‍ക്കെതിരേ എന്തുകൊണ്ടു നടപടിയെടുത്തില്ല എന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോടു വിശദീകരണം തേടിയ കാര്യം മറന്നുകാണില്ല. നിയമം ഉണ്ടായാല്‍ പോരാ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."