ഡല്‍ഹിക്ക് ആശ്വാസ ജയം
ന്യൂഡല്‍ഹി: ഐ.എസ്.എല്ലിലെ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ഡല്‍ഹിക്ക് ഒരു ഗോള്‍ ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ഡല്‍ഹി ഒരു ഗോളിന് തകര്‍ത്തത്. പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച ഇരു ടീമുകളും സീസണിന്റെ അവസാനത്തിലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയത്. 87-ാം മിനുട്ടില്‍ കാലു ഉച്ചേയാണ് ഡല്‍ഹിക്കായി വിജയഗോള്‍ നേടിയത്. ബലമില്ലാത്ത പ്രതിരോധമായിരുന്നിട്ടും ഡല്‍ഹിക്കുമേല്‍ കാര്യമായ ആക്രമണങ്ങളൊന്നും നോര്‍ത്ത് ഈസ്റ്റിന് നടത്താനായില്ല. രണ്ടാം പകുതിക്ക് ശേഷം കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഡല്‍ഹിക്ക് അവസരം ലഭിച്ചെങ്കിലും മുന്നേറ്റനിരക്ക് ലക്ഷ്യം കാണാനായില്ല. 13 കളികളില്‍നിന്ന് 30 ഗോള്‍ വഴങ്ങിയ ഡല്‍ഹിക്ക് ആശ്വാസമാണ് ഇന്നലത്തെ വിജയം.
ഡല്‍ഹിയുടെ ഹോം മാച്ചില്‍ രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്നലത്തെ വിജയത്തോടെ ഡല്‍ഹിക്ക് ഇതിന് പകരം വീട്ടാനുമായി. പ്രീതം കോട്ടാലും എഡുമോയയും പുറത്തിരുന്നിട്ടും കഴിഞ്ഞ നാല് മത്സരങ്ങളിലും ഡല്‍ഹി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സീസണിന്റെ തുടക്കത്തിലേറ്റ മോശം ഫോം കാരണമാണ് ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തെത്തിയത്. 15 മത്സരത്തില്‍നിന്ന് 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്നു. 14 മത്സത്തില്‍നിന്ന് 11 പോയിന്റുമായി പോയിന്റ് പട്ടികയില്‍ അവസാനത്താണ് ഡല്‍ഹി ഡൈനാമോസ്. ഇന്ന് രാത്രി എട്ടിന് ഗോവ ചെന്നൈയിനെ നേരിടും. നാലാം സ്ഥാനത്തുള്ള ചെന്നൈയിന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. ആറാം സ്ഥാനത്തുള്ള ഗോവക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിനുള്ള സാധ്യതകള്‍ തെളിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."