സി.പി.എം-സി.പി.ഐ പ്രശ്‌നം മുന്നണി തലത്തില്‍ പരിഹരിക്കുമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: കേരളത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും ഇടയിലുള്ള പ്രശ്‌നം മുന്നണി സംവിധാനത്തിനുള്ളില്‍ തന്നെ പരിഹരിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതില്‍ സി.പി.എം ദേശീയ നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കൊത്ത സമ്പൂര്‍ണ പ്ലീനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താനായി ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ചലച്ചിത്രനടിക്കു നേരെ നടന്ന അക്രമം അതീവ ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യെച്ചൂരി പ്രതികരിച്ചു. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. വിജയത്തേക്കാള്‍ ഉപരി ഇടതുപക്ഷ ആശയ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. കുത്തക മുതലാളിമാരുടെ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രവണതയാണ്. ഇത് നിയമം മൂലം നിരോധിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
രാജ്യത്തെ പട്ടിക ജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് പോളിറ്റ്ബ്യൂറോ യോഗം പ്രസ്താവനയിറക്കി. ഇത്തരം വിഭാഗങ്ങളുടെ കോടിക്കണക്കിനു ക്ഷേമ ഫണ്ടുകളാണ് ചെലവഴിക്കാതെ പാഴാകുന്നത്. ഇതിനെതിരേ മറ്റു ഇടതുപക്ഷ-ദലിത് സംഘടനകളുമായി ചേര്‍ന്നു പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍ മൂന്നാം വാരം പി.ബി യോഗവും കേന്ദ്ര കമ്മിറ്റിയും ഡല്‍ഹിയില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം, പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ വിലയിരുത്തല്‍ മാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."