അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബഡ്‌സ് സ്‌കൂളുകളുടെ അനുമതി റദ്ദാക്കും
കൊണ്ടോട്ടി: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ നിര്‍മിച്ച ബഡ്‌സ് സ്‌കൂളുകളുടെയും ബഡ്‌സ് പുനരധിവാസ കേന്ദ്രങ്ങളുടെയും അനുമതി റദ്ദാക്കുന്നു. രണ്ടുവര്‍ഷത്തേക്ക് സാങ്കേതിക അനുമതി നല്‍കിയതിന് ശേഷവും ഗുണനിലവാരം ഉയര്‍ത്താന്‍ കഴിയാത്ത സ്‌കൂളുകള്‍ക്കാണ് പിടിവീഴുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പിന്നീട് അനുമതിയും ആനുകൂല്യങ്ങളും നല്‍കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനും സാമൂഹ്യനീതി വകുപ്പിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ശുപാര്‍ശയോടെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിവരുന്നത്.
എന്നാല്‍, രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തദ്ദേശ സ്ഥാപനം സ്ഥിരം അംഗീകാരത്തിനായി അപേക്ഷ ബന്ധപ്പെട്ട വകുപ്പിന് നല്‍കണം. അല്ലാത്തപക്ഷം താല്‍ക്കാലിക അംഗീകാരം റദ്ദാവും. മാത്രവുമല്ല സ്‌കൂളിന് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെങ്കില്‍ ആനുകൂല്യം നിര്‍ത്തിവയ്ക്കുകയും ചെയ്യും.
ബഡ്‌സ് സ്‌കൂളും ബി.ആര്‍.സിയും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങളും സേവനങ്ങളും ഒരുക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. സ്‌കൂളില്‍ ഓഡിയോളജി മുറി, ക്ലാസ് മുറികള്‍, ഫിസിയോതെറാപ്പി മുറി, ശുചി മുറി, ഒക്കുപേഷനല്‍ തെറാപ്പി, കൗണ്‍സലിങ് മുറി, ഓഫിസ് മുറി, ഭക്ഷണ മുറി, വൊക്കേഷനല്‍ പരിശീലന മുറി, അടുക്കള, വിനോദ സ്ഥലം എന്നിവ ഉറപ്പുവരുത്തണം. കെട്ടിടത്തിലേക്ക് കയറാന്‍ റാംപ്, റെയില്‍ സൗകര്യങ്ങള്‍ ഒരുക്കണം. റാംപും റെയിലും നിര്‍മിക്കാന്‍ കെട്ടിടത്തില്‍ സൗകര്യമില്ലെങ്കില്‍ ലിഫ്റ്റ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബഡ്‌സ് സ്‌കൂളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:8 എന്ന നിലയില്‍ ക്രമീകരിക്കണം. കുട്ടികളെ പരിചരിക്കാന്‍ 1:15 എന്ന നിലയില്‍ ആയമാരും വേണം. ഒരു സ്‌കൂള്‍ ആരംഭിക്കണമെങ്കില്‍ നിര്‍ദിഷ്ട യോഗ്യതയുള്ള രണ്ട് അധ്യാപകര്‍ നിര്‍ബന്ധമായും വേണം. കുട്ടികളില്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങി തീവ്ര വൈകല്യമുള്ളവരുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പഠനമുറികള്‍ ഒരുക്കണം. സ്ഥാപനങ്ങളുടെ നടത്തിപ്പിന് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടും എം.എല്‍.എ, എം.പി ഫണ്ടും പ്രയോജനപ്പെടുത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."