പെണ്‍കരുത്തിന് മുന്നില്‍ വേമ്പനാട്ട് കായല്‍ കീഴടങ്ങി
മുഹമ്മ: വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് മാളു എന്ന ഇരുപതുകാരി വിസ്മയമായി. കുമരകം മുതല്‍ മുഹമ്മ വരെ എട്ട് കിലോമീറ്റര്‍ ദൂരമാണ് നാല് മണിക്കൂറോളം നേരം കൊണ്ട് മാളു നീന്തിക്കയറിയത്. പെരിയാറില്‍ ആറ് മാസക്കാലത്തെ കഠിനപരിശീലനത്തിന് ശേഷമായിരുന്നു മാളുവിന്റെ ഉദ്യമം.
പരിശീലകന്‍ സജി വാളശേരിക്കൊപ്പമാണ് മാളു വേമ്പനാട് കായല്‍ നീന്തിക്കടന്നത്. കുമരകം ബോട്ട് ജെട്ടിയില്‍ നിന്നാരംഭിച്ച നീന്തല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു.നീന്തലിന്റെ പ്രാധാന്യം പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സജിയും മാളുവും വേമ്പനാട് കായല്‍ നീന്തിക്കയറിയത്.പെരിയാറില്‍ തുടര്‍ച്ചയായി പത്ത് കിലോമീറ്റര്‍ വരെ നീന്തി മാളു പരിശീലിച്ചിട്ടുണ്ട്.
സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇരുവരും നീന്തിയത്. ആലുവയില്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് മാളു. സജി ഇതിനകം 800 ഓളം കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. മുഹമ്മ ബോട്ട് ജെട്ടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ മജുവിന്റെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."