'യാക്കോബായ സഭയ്ക്കെതിരേയുള്ള നീതി നിഷേധം സഹിച്ചിരിക്കില്ല'
കൊച്ചി: യാക്കോബായ സഭയ്ക്കെതിരേയുള്ള നീതിനിഷേധം ഇനിയും സഹിച്ചിരിക്കാനാവില്ലെന്നും സഭയ്ക്കു കീഴിലുള്ള പള്ളികള്‍ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും എപ്പിസ്കോപ്പല്‍ സുഹന്നദോസ് സെക്രട്ടറി ഡോ.ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത.
ഒരുവിഭാഗത്തെ പരാജയപ്പെടുത്തുകമാത്രമല്ല മറിച്ച് ആവിഭാഗം ഭൂലോകത്തു ഉണ്ടാകാന്‍ പാടില്ലെന്നാണ് കോടതിവിധിയിലൂടെ വ്യക്തമായതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസികള്‍ ത്യാഗം സഹിച്ചു നിര്‍മിച്ച പള്ളികളില്‍നിന്ന് അവരെ പുറത്താക്കി മറുവിഭാഗത്തിനു പള്ളികള്‍ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ല. ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിനു സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വിശ്വാസികള്‍ പള്ളി സംരക്ഷണം ഏറ്റെടുക്കുന്ന സാഹചര്യം ഉരുത്തിരിയും. ഇത്രയുംകാലം വിശ്വാസികളെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചു. എന്നാല്‍ തീരുമാനം നീണ്ടാല്‍ അതിനു സാധിച്ചെന്നു വരില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പാത്രിയര്‍ക്കാ ദിനാഘോഷത്തിന്റെയും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെയും ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യാക്കോബായ സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മെത്രോപ്പോലീത്ത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."