ഏഴു രാജ്യങ്ങളിലൂടെ 12,000 കി.മീറ്റര്‍ സൈക്കിളില്‍ താണ്ടിയൊരു ഉംറ തീര്‍ഥാടനം
മക്ക: താണ്ടിയത് 12,000 കിലോമീറ്റര്‍. പിന്നിട്ടത് ഏഴു രാജ്യങ്ങള്‍. ഒരു വര്‍ഷത്തിലധികം ചെലവഴിച്ച് ഒടുവില്‍ ഇന്തോനേഷ്യന്‍ ദമ്പതികള്‍ വിശുദ്ധഭൂമിയിലെത്തി. സാഹസം നിറഞ്ഞ യാത്രയ്ക്കു കരുത്തേകിയതു വിശുദ്ധഭൂമി കാണണമെന്നും പുണ്യകര്‍മമായ ഉംറ നിര്‍വഹിക്കണമെന്നുമുള്ള അടങ്ങാത്ത കൊതി മാത്രം. 35കാരായ ഹകം മബ്‌റൂരിയും ഭാര്യ റോഫിന്‍ങ്ങതുല്‍ ഇസ്‌ലാമിയയുമാണ് സാഹസികത നിറഞ്ഞ യാത്രയ്‌ക്കൊടുവില്‍ പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത്. മക്കയിലെത്തിയ ഇരുവര്‍ക്കും ഹൃദ്യമായ സ്വീകരണമാണു പ്രദേശവാസികള്‍ ഒരുക്കിയിരുന്നത്.
2016 ഡിസംബര്‍ 17നാണ് ഇവര്‍ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയിലെ മലാങ് ഗ്രാമത്തില്‍നിന്നായിരുന്നു യാത്രയുടെ തുടക്കം. ഇതിനായി സ്വപ്നതുല്യമായ ഒരു സൈക്കിള്‍ തന്നെ ദമ്പതികള്‍ നിര്‍മിക്കുകയായിരുന്നു. സാധാരണ സൈക്കിളുകളില്‍നിന്നു വ്യത്യസ്തമായി ഇരുവര്‍ക്കും സുഖകരമായി യാത്ര ചെയ്യാനുതകുന്ന രീതിയിലുള്ള സൈക്കിള്‍ നിര്‍മിക്കാന്‍ ഇരുവരും തീരുമാനിച്ചു. യാത്രയ്ക്കാവശ്യമായ രീതിയില്‍ രണ്ട് സീറ്റുകള്‍, ബാഗേജ് കാരിയര്‍, ചവിട്ടിനു ശക്തി പകരാന്‍ ഇരുവര്‍ക്കും ഒരേ സമയം ചവിട്ടാന്‍ ഉതകുന്ന രീതിയിലുള്ള രണ്ട് സെറ്റ് പെഡലുകള്‍ എന്നിവ കൂടിചേര്‍ന്നുള്ള സൈക്കിളാണ് ഇരുവരും ചേര്‍ന്നു നിര്‍മിച്ചത്.
ദമ്പതികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിനു പ്രദേശത്തെ എന്‍.ജി.ഒ സംഘടനകള്‍ പിന്തുണയുമായെത്തി. തങ്ങള്‍ കയറിയിറങ്ങുന്ന രാജ്യങ്ങളിലെ കണ്ടുമുട്ടുന്ന ജനതയ്ക്ക് ഇസ്‌ലാമിന്റെ സുന്ദരമായ സമാധാന സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിവാഹജീവിതത്തിലെ ഒരുമയുടെ സന്ദേശം എന്ന നിലയ്ക്കാണ് യാത്രയ്ക്കായി സൈക്കിള്‍ തിരഞ്ഞെടുത്തതെന്ന് മബ്‌റൂരി പറഞ്ഞു. ഭാര്യയും ഭര്‍ത്താവും നല്ല ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്നതാണു വൈവാഹിക ജീവിതം. സാഹസികയാത്രകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മബ്‌റൂരി തന്റെ അടുത്ത സാഹസികയാത്രയ്ക്കു നാലു വര്‍ഷമായി തന്റെ കൂടെയുള്ള ഭാര്യയെയും ക്ഷണിക്കുകയായിരുന്നു.
ഇന്തോനേഷ്യയില്‍നിന്ന് ആരംഭിച്ച സൈക്കിള്‍ യാത്ര മലേഷ്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍, ഇന്ത്യ, ജോര്‍ദാന്‍, ഈജിപ്ത് വഴിയാണ് സഊദിയിലെത്തിയത്. ഇതിനിടയില്‍ ഈജിപ്തിലെ സീന പ്രദേശവാസികളാണ് തങ്ങള്‍ക്ക് ഏറ്റവും ഊഷ്മളമായ സ്വീകരണം നല്‍കിയതെന്ന് ഇരുവരും പറഞ്ഞു. യാത്രയ്ക്കിടയില്‍ കഴിഞ്ഞ വര്‍ഷത്തെ ചെറിയ പെരുന്നാള്‍ തായ്‌ലന്‍ഡിലും ബലിപെരുന്നാള്‍ ജോര്‍ദാനിലെ അമ്മാനിലുമാണ് ആഘോഷിച്ചത്. പുണ്യഭൂമിയിലെത്തിയ ഇരുവരും ഉംറയും മദീനാ സന്ദര്‍ശനവും പൂര്‍ത്തിയാക്കി വിമാനമാര്‍ഗമാണ് നാട്ടിലേക്കു തിരിക്കുക. അടുത്ത ലക്ഷ്യം വിശുദ്ധ ഹജ്ജിനായി സൈക്കിളില്‍ വരികയാണ് ദമ്പതികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."