ഗൗരി നേഹയുടെ മരണം: സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്
കൊല്ലം: ഗൗരി നേഹയുടെ മരണത്തോടെ വിവാദമായ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ എന്‍.ഒ.സി അടുത്ത അധ്യയന വര്‍ഷംമുതല്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. സ്‌കൂളിന് എന്‍.ഒ.സി നല്‍കിയ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സ്‌കൂള്‍ മാനേജ്‌മെന്റ് വെല്ലുവിളിക്കുന്നതായും സാമൂഹിക പ്രതിബദ്ധതയില്ലാത്ത ഒരു കൂട്ടം അധ്യാപകര്‍ നയിക്കുന്ന സ്‌കൂളിലെ ക്ലാസുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തത് സമൂഹത്തിന് ആപത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗരിയുടെ മരണത്തില്‍ കുറ്റാരോപിതരായ അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നിവരെ സസ്പന്‍ഡ് ചെയ്ത കാലയളവില്‍ ശമ്പളത്തോടുള്ള ലീവ് അനുവദിച്ച് നല്‍കിയിരുന്നു. ഇവരെ കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയും തിരികെ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണ്‍ തന്നെ മുന്‍കൈയെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തും അദ്ദേഹത്തിനെതിരേ നടപടി ആവശ്യപ്പെട്ടും വിദ്യാഭ്യാസവകുപ്പ് മൂന്ന് നോട്ടിസ് നല്‍കിയിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിരുന്നില്ല.
്ഇക്കാര്യത്തില്‍ ഗവേണിങ് ബോഡിയുടെ തീരുമാനത്തിനും നിയമോപദേശത്തിനുമായി കാത്തിരിക്കുന്നെന്നാണ് നടപടി സ്വീകരിക്കണ്ട മാനേജര്‍ നല്‍കിയ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിനെ വര്‍ഗീയമായി കാണുകയും വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും സ്പര്‍ധയും അരാജകത്വവും പടര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചെന്ന് മാനേജ്‌മെന്റ് രൂക്ഷമായ ഭാഷയില്‍ ആരോപിച്ചതും ഒട്ടും അംഗീകരിക്കുന്നില്ല.
ഇക്കാരണത്താല്‍ അടുത്ത അധ്യയനവര്‍ഷം സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."