ഏഴു പേര് മര്‍ദ്ദിച്ചെന്ന് മധുവിന്റെ മരണമൊഴി: പോസ്റ്റ്മോര്‍ട്ടം നാളേക്കു മാറ്റി
പാലക്കാട്: ഏഴു പേര് തന്നെ മര്‍ദ്ദിച്ചെന്നാണ് മരിക്കുന്നതിന് മുന്‍പ് മധു പൊലിസില്‍ മൊഴി നല്‍കിയത്. ഹുസൈന്, മാത്തച്ചന്, മനു, അബ്ദുറഹ്മാന്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, എ.പി ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചെന്നാണ് മധു പറഞ്ഞത്.
പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടുവന്നതും മര്‍ദനത്തിന് നേതൃത്വം നല്കിയതും ഇവരാണെന്നായിരുന്നു മൊഴി. നാട്ടുകാര്‍ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തു. കള്ളനെന്നു വിളിച്ചായിരുന്നു ഇത്.
അതേസമയം, മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ചത്തേക്കു മാറ്റി. ഇന്ന് സമയം വൈകിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം മാറ്റിവച്ചത്.
അതിനിടെ, മധുവിന്റെ കൊലപാതകത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന് ഇടപെട്ടു. കമ്മിഷന് അധ്യക്ഷന്‍ നന്ദകുമാര്‍ സായി തിങ്കളാഴ്ച അട്ടപ്പാടില് നേരിട്ടെത്തി അന്വേഷിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."