പി.എന്‍.ബി വായ്പാ തട്ടിപ്പ്; ഇറക്കുമതി ചെയ്ത 44 കോടിയുടെ വാച്ചുകള്‍ പിടിച്ചെടുത്തു
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഒന്‍പത് ആഡംബര കാറുകള്‍ പിടിച്ചതിനു പിന്നാലെ ഇറക്കുമതി ചെയ്ത വാച്ചുകളുടെ ശേഖരവും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പിടികൂടി. 44 കോടി രൂപ വിലവരുന്ന വാച്ചുകളാണ് പിടികൂടിയതെന്നാണ് വിവരം.
നീരവിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിദേശ നിര്‍മിത വാച്ചുകള്‍ കണ്ടെടുത്തത്. 176 സ്റ്റീല്‍ അലമാരകള്‍, 158 ഇരുമ്പു പെട്ടികള്‍, 60 കണ്ടെയ്‌നറുകള്‍ എന്നിവ പരിശോധിച്ചു.
അതേസമയം നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ വ്യവസായ ഗ്രൂപ്പിനുമെതിരേയും സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് എന്നിവര്‍ അന്വേഷണം തുടങ്ങിയതോടെ ഓഹരി വിപണിയിലും അതിന്റെ പ്രതിഫലനം ശക്തമായിട്ടുണ്ട്. നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരി 60 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ ഓഹരിമൂല്യത്തിലുണ്ടായ നഷ്ടം 435.91 കോടിയായി.
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 46 ജ്വല്ലറികളില്‍ വായ്പാ തട്ടിപ്പ് പുറത്തുവന്ന ഫെബ്രുവരി 13ന് ശേഷം 11 ജ്വല്ലറികള്‍ മാത്രമാണ് നേട്ടം കാണിച്ചത്. 26 ജ്വല്ലറികളുടെ ഓഹരി വിലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായത്. മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസിന്റെ ഓഹരി 58.5 ശതമാനം ഇടിഞ്ഞ് 26.10ല്‍ എത്തിയിട്ടുണ്ട്.
ഗീതാഞ്ജലിക്കു പിന്നാലെ സാഗര്‍ ഡയമണ്ട്, എഷ്യന്‍ സ്റ്റാര്‍ കമ്പനി, രാധികാ ജുവല്‍ ടെക്, പി.സി ജ്വല്ലറി, ലിപ്‌സ ജെംസ് ജ്വല്ലറി, ത്രിഭുവന്‍ദാസ് ഭീംജി സാവരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരി വില 12.5 ശതമാനത്തിനും 30.5 ശതമാനത്തിനും ഇടയില്‍ താഴ്ന്നിട്ടുണ്ട്. ഇക്കാലയളവില്‍ സെന്‍സക്‌സിലുണ്ടായ നഷ്ടം 1.4 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."