ഇരുട്ടിനു പിന്നില്‍ മറഞ്ഞിരുന്നു ഭീകരതയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഖത്തറിന്റേത്: സഊദി വിദേശകാര്യ മന്ത്രി
റിയാദ്: ഇരുട്ടിനു പിന്നില്‍ മറഞ്ഞിരുന്നു ഭീകരതയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഖത്തര്‍ പിന്തുടരുന്നതെന്നും ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ നിരയിലേക്ക് ഖത്തര്‍ തിരിച്ചുവരണമെന്നാണ് സഊദിയടക്കമുള്ള രാജ്യങ്ങളുടെ ആഗ്രഹമെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി അംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സഊദി വിദേശകാര്യ മന്ത്രി. മാധ്യമങ്ങള്‍ കാണിക്കുന്നതല്ല ഖത്തറിന്റെ യഥാര്‍ഥ മുഖം. അതിനുമപ്പുറത്തുള്ള മറ്റൊരു മുഖമാണ് ഖത്തറിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാനുമായി അന്തരാഷ്ട്ര സമൂഹം ഒപ്പുവച്ച ആണവ കരാറില്‍ ന്യൂനതകളുണ്ട്. ഇതില്‍ ഭേദഗതികള്‍ ആവശ്യമാണ്. ആണവായുധ ശേഷി കൈവശമാക്കുന്നതില്‍ നിന്നും ഇറാനെ തടയുകയും ഇറാന്‍ ആണവ നിലയങ്ങളില്‍ കര്‍ക്കശ പരിശോധന ഉറപ്പുവരുത്തുകയും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഉതകുന്നരീതിയിലുള്ള ഏതു കരാറിനെയും സഊദി പിന്തുണക്കും. ഇറാന്‍ ആണവ കരാറില്‍ ഭേദഗതി വരണമെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിനുള്ളതെന്നാണ് കരുതുന്നത്. നിലവില്‍ ഇറാന്‍ തങ്ങളുടെ മുഴുവന്‍ ആണവ കേന്ദ്രങ്ങളെ കുറിച്ചും പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യമനിലെ മുഴുവന്‍ വ്യോമ, ജലപാതകളും ഇപ്പോള്‍ തുറന്നിട്ടിരിക്കുകയാണ്. തുറമുഖങ്ങളിലെ ക്രയിനുകള്‍ ഹൂതി ആക്രമങ്ങളില്‍ തകരുകയാണ്. പക്ഷേ സഖ്യസേന ആക്രമണത്തിലാണ് ഇതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. യു.എന്‍ രക്ഷാ സമിതി 2254 ആം നമ്പറിലുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സിറിയന്‍ പ്രശ്‌നപരിഹാരം കാണണമെന്നാണ് സഊദിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥയുമായി സഊദിയുടെ പരമാധികാരം മറ്റു രാജ്യങ്ങള്‍ മാനിക്കണം. അമേരിക്കയില്‍ വധശിക്ഷ ഉള്ളത് പോലെ തന്നെയാണ് സഊദിയും നീതിന്യായ വ്യവസ്ഥയില്‍ വധശിക്ഷ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."