യെച്ചൂരി സഖാവേ, ഇതു കേരള പാര്‍ട്ടി തന്നെയാണ്
എന്തുകൊണ്ടാണെന്നറിയില്ല, കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് ഈയിടെയായി വലിയ ആളുകളെ പരിഹസിച്ചു കൊച്ചാക്കുന്ന ഒരു ശീലമുണ്ട്. ഒരുപാടു കാലം യു.ഡി.എഫിലായിരുന്ന കെ.എം മാണിക്ക് ഈ ശീലം അറിയാത്തതുകൊണ്ടായിരിക്കും തൃശൂരിലെ സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സെമിനാര്‍ വേദിയിലേക്കു ക്ഷണിച്ചപ്പോള്‍ സന്തോഷത്തോടെ ഓടിയെത്തിയത്. അവിടെ വന്നപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി. മാണിക്കൊപ്പം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉണ്ടായിരുന്നു ഒരു കസേര. മാണിയെ സൗകര്യത്തിനൊന്നു കൈയില്‍ കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന കാനം ആ സന്ദര്‍ഭം ശരിക്കും ഉപയോഗിച്ചു. അഴിമതിക്കാരെ ഇടതുമുന്നണിക്കു വേണ്ടെന്നും വല്ലവരെയുമൊക്കെ വിളിച്ചുകൂട്ടി മുന്നണി വലുതാക്കേണ്ട ഒരു കാര്യവുമില്ലെന്നുമൊക്കെ വെട്ടിത്തുറന്നു പറഞ്ഞ് കാനം മാണിക്കിട്ട് നന്നായൊന്നു താങ്ങി. വല്ലാതെ പതറിപ്പോയ മാണി പിന്നീട് ചമ്മല്‍ മാറ്റിയെടുത്തത് കോഴിക്കോട്ടു പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടാണ്.
കേരള കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാസികളോട് ഇങ്ങനെയൊക്കെ പെരുമാറണമെന്ന് പണ്ട് മാര്‍ക്‌സോ എംഗല്‍സോ ഒക്കെ പറഞ്ഞിട്ടുണ്ടാവണം. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയോടും ഇങ്ങനെയൊക്കെ ആയാലോ. വലിയ കാര്യമായി തന്നെയാണ് സീതാറാം യെച്ചൂരിയെ വിമാന ടിക്കറ്റൊക്കെ എടുത്തുകൊടുത്ത് സമ്മേളനത്തിലേക്കു കൂട്ടിക്കൊണ്ടുവന്നത്. സമ്മേളന ഹാളില്‍ പാര്‍ട്ടിയിലെ സമുന്നത നേതാവിനു യോജിച്ച തരത്തില്‍ തന്നെയുള്ള ഇരിപ്പിടവും നല്‍കി. എന്നിട്ട് നന്നായൊന്ന് പരിഹസിച്ചു. യെച്ചൂരി പറഞ്ഞുനടക്കുന്ന കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന യെച്ചൂരിയുടെ ലൈന്‍ ശരിയല്ലെന്ന് സമ്മേളന പ്രതിനിധികളില്‍ ആര്‍ക്കും വാദിക്കാം. വിമര്‍ശിക്കുകയും ചെയ്യാം. അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. എന്നാല്‍ വിമര്‍ശനത്തിനുമുണ്ടല്ലോ ഒരു പരിധിയൊക്കെ. യെച്ചൂരിക്കിട്ടു താങ്ങാന്‍ സംസ്ഥാന നേതൃത്വം നിയോഗിച്ച യുവ സഖാക്കള്‍ ആ പരിധിയൊക്കെ കടന്നു. അധികാര മോഹം കൊണ്ടാണ് യെച്ചൂരി ഇതു പറയുന്നതെന്നും പശ്ചിമബംഗാളില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്കു പോകാനാവാതെ വന്നതിന്റെ കൊതിക്കെറുവുണ്ടെന്നുമൊക്കെ അവര്‍ യെച്ചൂരിയെ വേദിയിലിരുത്തി പറഞ്ഞെന്നാണ് ബൂര്‍ഷ്വാ മാധ്യമ സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്തത്.
മുമ്പൊരു സംസ്ഥാന സമ്മേളനത്തില്‍ ഇതുപോലെ ചില സംസ്ഥാന നേതാക്കളുടെ നിര്‍ദേശമനുസരിച്ച് സ്ഥാപകനേതാവിനു കാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്നൊക്കെ ഒരു യുവനേതാവ് പ്രസംഗിച്ച് ഹീറോ ആയത് ഓര്‍മിച്ചായിരിക്കാം ഈ യുവനേതാക്കളും വാവിട്ടു സംസാരിച്ചത്. എന്നാല്‍ വി.എസ് അല്ലല്ലോ യെച്ചൂരി. മറുപടി പ്രസംഗത്തില്‍ യെച്ചൂരി അവര്‍ക്കത് ഇരട്ടിയായി തിരിച്ചുകൊടുത്തു. സി.പി.എം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (മാര്‍ക്‌സിസ്റ്റ്) അല്ലെന്ന് സമ്മേളനത്തെ ഓര്‍മിപ്പിച്ച യെച്ചൂരി മറ്റൊരു കാര്യവും പറഞ്ഞു. താന്‍ പറയുന്നതൊക്കെ പാര്‍ട്ടി പരിപാടിയില്‍ ഉണ്ടെന്നും യുവനേതാക്കള്‍ അതു വായിച്ചിരിക്കുമെന്നാണ് താന്‍ ധരിച്ചിരുന്നതെന്നും ഇല്ലെങ്കില്‍ അതൊന്നു വായിച്ചുനോക്കാന്‍ ശ്രമിക്കണമെന്നും. പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ, സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി പരിപാടി വായിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ പിന്നെ അതിലപ്പുറമൊന്നും പറയേണ്ടതില്ലല്ലോ.
സമ്മേളനത്തില്‍ തല്‍കാലം യെച്ചൂരി പറഞ്ഞു ജയിച്ചിട്ടുണ്ടാവാം. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ യാഥാര്‍ഥ്യവുമുണ്ടാവാം. എന്നാല്‍ ഒരു കാര്യം യെച്ചൂരിക്കു മനസിലായില്ലെന്നു തോന്നുന്നു. പേരിലൊരു 'ഐ' ഒക്കെ ഉണ്ടെങ്കിലും ഇതൊരു കേരള പാര്‍ട്ടി തന്നെയാണ്. പശ്ചിമബംഗാളില്‍ പാര്‍ട്ടി മുച്ചൂടും മുടിഞ്ഞ് ഒടുവില്‍ കഞ്ഞികൂടിക്കാന്‍ വകയില്ലാതെ സഖാക്കള്‍ പാര്‍ട്ടി ഓഫീസുകള്‍ വാടകയ്ക്കു കൊടുക്കുകയാണ്. കേരളത്തിലെ ഒരു ജില്ലയോളം മാത്രം പോന്ന ത്രിപുരയാണ് പിന്നെയുള്ളത്. അവിടെയും സ്ഥിതി അത്ര ഭദ്രമല്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുപെട്ടി മാര്‍ച്ച് മൂന്നിനു തുറന്നാലറിയാം അവിടുത്തെ പാര്‍ട്ടിയുടെ ഭാവി. പഴയ ശക്തി നിലനിന്നാല്‍ തന്നെയും കേരളവുമായി തട്ടിച്ചുനോക്കിയാല്‍ ത്രിപുര ഒന്നുമല്ല. സസംസ്ഥാന കമ്മിറ്റി ഓഫീസും വിരലിലെണ്ണാവുന്ന ജില്ലാ കമ്മിറ്റി ഓഫീസുകളും മാത്രമുള്ള മറ്റു നാലോ അഞ്ചോ സംസ്ഥാനങ്ങളുടെ കാര്യം പറയുകയും വേണ്ട. അതൊക്കെ കണ്ടാണോ ഇതു കേരളാ പാര്‍ട്ടില്ലെന്ന് യെച്ചൂരി പറയുന്നത്?
ഇന്നത്തെ സ്ഥിതി വച്ചുനോക്കുമ്പോള്‍ കേരള ഘടകം തന്നെയാണ് സി.പി.എം. പാര്‍ട്ടിക്കു മുദ്രാവാക്യം വിളിക്കാന്‍ നല്ലൊരു ആള്‍ക്കൂട്ടത്തെ കിട്ടണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണം. പിന്നെ ഇപ്പോള്‍ ഏതു വിപ്ലവപ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാന്‍ പണം വേണം. അതുണ്ടാക്കണമെങ്കിലും കേരള ഘടകം തന്നെ വേണം. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യെച്ചൂരിക്കു ശമ്പളം കിട്ടണമെങ്കില്‍ പോലും വേണം കേരള ഘടകത്തിന്റെ സഹായം. ചുരുക്കിപ്പറഞ്ഞാല്‍ പാര്‍ട്ടിയില്‍ എന്തു നടക്കണമെന്ന് കേരള ഘടകം തീരുമാനിക്കും. യെച്ചൂരി ഉള്‍പെടെയുള്ള ദേശീയ നേതാക്കളെല്ലാം അത് അനുസരിക്കേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."