കേരളം സെമിയില്‍
കോഴിക്കോട്: കാണികളെ വോളിബോളിന്റെ മാസ്മരിക മുഹൂര്‍ത്തങ്ങളിലേക്ക് കൊണ്ടു പോയി ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആവേശകരമായി. ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഹരിയാനയുടെ പുരുഷ- വനിതാ ടീമുകളെ കീഴടക്കി കേരളത്തിന്റെ പുരുഷ, വനിതാ സംഘങ്ങള്‍ സെമിയിലേക്ക് മുന്നേറി. വനിതകള്‍ അനായസമായി ഹരിയാനയെ കീഴടക്കിയപ്പോള്‍ പുരുഷ ടീം ഒരു സെറ്റ് കൈവിട്ട ശേഷമാണ് രണ്ട് സെറ്റുകള്‍ പിടിച്ചെടുത്ത് വിജയം സ്വന്തമാക്കിയത്. നാളെ നടക്കുന്ന സെമിയില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ തമിഴ്‌നാടിനെ നേരിടും. സ്‌കോര്‍: കേരളം- ഹരിയാന (പുരുഷന്‍മാര്‍): 30-32, 25-21, 25-18, 25-22. കേരളം- ഹരിയാന (വനിതകള്‍): 25-16, 25-13, 25-14. പുരുഷ വിഭാഗത്തില്‍ കേരളത്തിന് പുറമേ തമിഴ്‌നാട്, സര്‍വിസസ്, റെയില്‍വേസ് ടീമുകളും വനിതാ വിഭാഗത്തില്‍ റെയില്‍വേസ്, മഹാരാഷ്ട്ര, തമിഴ്‌നാട് ടീമുകളും സെമിയിലേക്ക് കടന്നു. സെമി ഫൈനല്‍ പോരാട്ടത്തില്‍ പുരുഷ വിഭാഗത്തില്‍ കേരളം- തമിഴ്‌നാട്, സര്‍വിസസ്- റെയില്‍വേ മത്സരവും വനിതാ വിഭാഗത്തില്‍ കേരളം- തമിഴ്‌നാട്, റെയില്‍വേ- മഹാരാഷ്ട്ര മത്സരങ്ങളും നടക്കും.
ഇന്നലെ നടന്ന വനിതകളുടെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ റെയില്‍വേസ്- കര്‍ണാടകയെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി. സ്‌കോര്‍: 25-13, 25-14, 25-16. മറ്റൊരു മത്സരത്തില്‍ മഹാരാഷ്ട്ര- പശ്ചിമ ബംഗാളിനെ വീഴ്ത്തി അവസാന നാലിലെത്തി. സ്‌കോര്‍: 22-25, 25-17, 25-15, 25-15. തമിഴ്‌നാട്- തെലങ്കാന പോരാട്ടത്തില്‍ തമിഴ്‌സാന്ട് അനായാസം വിജയിച്ചു. സ്‌കോര്‍: 25-21, 25-13, 25-19.
പുരുഷ വിഭാഗം പോരാട്ടത്തില്‍ തമിഴ്‌നാട്- ആന്ധ്രാ പ്രദേശിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലറില്‍ വീഴ്ത്തി സെമിയിലേക്ക് മുന്നേറി. സ്‌കോര്‍: 29-27, 22-25, 25-20, 23-25, 19-17. സര്‍വിസസ്- പഞ്ചാബിനെയും വീഴ്ത്തി സെമി ബര്‍ത്ത് ഉറപ്പിച്ചു. അഞ്ച് സെറ്റ് നീണ്ട മത്സരത്തിലാണ് സര്‍വിസസിന്റെ വിജയം. സ്‌കോര്‍: 22-25, 21-25, 25-23, 25-22, 13-15. ഇന്നലെ നടന്ന പുരുഷന്‍മാരുടെ അവസാന പോരാട്ടത്തില്‍ റെയില്‍വേസ്- കര്‍ണാടകയെ വീഴ്ത്തി അവസാന നാലിലേക്ക് കടന്നു. സ്‌കോര്‍: 25-17, 25-23, 25-18.
ആദ്യം വിറച്ചു പിന്നെ വിജയിച്ചു
നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്റെ പുരുഷ ടീമിനെ അടിമുടി വിറപ്പിച്ചാണ് ഹരിയാന തുടങ്ങിയത്. പുരുഷന്‍മാര്‍ ഒരു സെറ്റിന് പിന്നിട്ട് നിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ ഹരിയാനയെ ഒന്നിനെതിരെ നാല് സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെമിയിലേക്ക് മുന്നേറിയത്. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ ആതിഥേയരെ പിന്നിലാക്കിയ ഹരിയാന കേരളത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയും ചെയ്തു. സൂപ്പര്‍ താരം ജെറോം വിനീതിന്റെ ഒറ്റയാള്‍ പോരാട്ടം പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയും ചെയ്തതോടെ ആദ്യ സെറ്റ് (32-30) ഹരിയാന നേടി.
എന്നാല്‍ രണ്ടാം സെറ്റ് വരുതിയിലാക്കാന്‍ കേരളത്തിന്റെ പരിചയ സമ്പന്നതക്ക് എളുപ്പത്തില്‍ സാധിച്ചു. അജിത്ത് ലാല്‍ തുടങ്ങി വച്ച അക്രമണം വിപിനും ജെറോമും ഏറ്റെടുത്തതോടെ കളി കേരളത്തിന്റെ നിയന്ത്രണത്തിലായി. 21 പോയിന്റില്‍ ഇരു ടീമുകളും ഒപ്പമെത്തിയെങ്കിലും താരങ്ങളുടെ മികച്ച പ്രകടനം ഒരു പോയിന്റു പോലും വിട്ടുനല്‍കാതെ സെറ്റ് പിടിച്ചെടുക്കാന്‍ കേരളത്തിന് തുണയായി. ആധികാരിക ജയത്തോടെ കേരളം മൂന്നാം സെറ്റില്‍ ലീഡെടുത്തു. ഹരിയാനയുടെ അക്രമണങ്ങളെ വിപിനും അഖിനും ചേര്‍ന്ന് പ്രതിരോധിച്ചപ്പോള്‍ മറുഭാഗത്ത് ജെറോമും അജിത്ത് ലാലും ചേര്‍ന്ന് ഉജ്ജ്വല സ്മാഷുകളുമായി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് ഹരിനയുടെ കോട്ടയെ കടന്നാക്രമിച്ചു. ഹരിയാനയെ പ്രതിരോധത്തിലാക്കി മൂന്നാം സെറ്റ് കേരളം പിടിച്ചെടുത്തു.
മത്സരം നാലാം സെറ്റിലേക്ക് നീണ്ടതോടെ ഹരിയാനയും ഉണര്‍ന്നു കളിച്ചു. അതോടെ കേരളം തുടക്കത്തില്‍ പിന്നിലായി. പിന്നീട് തിരിച്ചടിയുമായി കേരളവും പോരാടിയതോടെ മത്സരം 20- 20 പോയിന്റില്‍ ഒപ്പത്തിനൊപ്പം. കേരളത്തെ വിജയത്തിലേക്ക് അടുപ്പിച്ച് ജെറോമിന്റെ മിന്നല്‍ പ്രകടനം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ സെറ്റും സെമി ബര്‍ത്തും ഉറപ്പിച്ച് കേരളം മാനം കാത്തു. ടീമിന്റെ വിജയത്തില്‍ സ്റ്റേഡിയം മുഴുവന്‍ ആര്‍ത്തിരമ്പുകയായിരുന്നു.
വനിതകള്‍ അനായാസം
നേരത്തെ വനിതാ വിഭാഗത്തില്‍ ഹരിയാനയെ അനായാസം കീഴടക്കി കേരള വനിതകള്‍ സെമി ഫൈനലില്‍ കടന്നു. ഒരു ഘട്ടത്തില്‍ പോലും ആതിഥേയര്‍ക്ക് വെല്ലുവിളിയാക്കാന്‍ ഹരിയാനക്ക് കഴിഞ്ഞില്ല. ആദ്യ സെറ്റില്‍ ഹരിയാനക്ക് പോയിന്റുകള്‍ കിട്ടിയത് പോലും കേരള താരങ്ങളുടെ പിഴവില്‍ നിന്നായിരുന്നു.
രണ്ടും മൂന്നും സെറ്റുകളില്‍ കേരള വനിതകള്‍ക്ക് വെല്ലുവിളിയുണ്ടായില്ല. കേരളത്തിനായി അഞ്ജലി ബാലകൃഷ്ണന്‍, അനുശ്രീ, സൂര്യ, രേഖ, ശ്രുതി, ജിനി എന്നിവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."