ഭരണത്തിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ സമ്മേളനം
മലപ്പുറം: കണ്ണട വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിന് കണ്ണട തന്നെ ഉദാഹരണമായി പറഞ്ഞ് സി.പി.ഐ സമ്മേളനത്തില്‍ വിമര്‍ശനം. കണ്ണട വാങ്ങുംപോലെ എളുപ്പമല്ല ഭരണമെന്നും അതിനു കഴിയാത്തവരെ തല്‍സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തണമെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവാണ് കണ്ണട വിവാദം ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ഭരണ പരാജയത്തെക്കുറിച്ച് സമ്മേളനത്തില്‍ തുറന്നടിച്ചത്.
ഇന്നലെ നടന്ന പൊതുചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയം ചൂണ്ടിക്കാട്ടി നിരവധി പേരാണ് സംസാരിച്ചത്. ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ഇടതുസര്‍ക്കാരിന് പക്ഷേ ജനങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇതുവരെ ആയില്ല. വീടില്ലാത്തവര്‍ക്ക് എല്ലാവര്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലൈഫ് മിഷന്‍ തികഞ്ഞ പരാജയമാണ്.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നലെ നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച 24 പേരില്‍ ഭൂരിഭാഗം പേരും ഇക്കാര്യം ചൂണ്ടിക്കാട്ടി. സമ്മേളന പ്രതിനിധികളായി പങ്കെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ ലൈഫ് പദ്ധതിനടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി. കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഒന്നുംതന്നെ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. അധികാരത്തിലേറി രണ്ടുവര്‍ഷത്തോളമായിട്ടും പൊതുവിതരണ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ തുടരുകയാണ്.
ഭൂമി, പട്ടയം, പ്രവാസി എന്നീ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ ഇടപെടല്‍ തികഞ്ഞ പരാജയമാണ്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങളില്‍ പലതും നടപ്പാക്കപ്പെടുന്നില്ല. ഭരണപരമായ കാലതാമസം ഒഴിവാക്കാന്‍ പാര്‍ട്ടി സജീവമായി ഇടപെടണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചു.
ഗവണ്‍മെന്റിന്റെ സാംസ്‌കാരിക, ചലച്ചിത്ര സമിതികളെല്ലാം ചിലയാളുകള്‍ കൈയടക്കിവച്ചതായും ഇതില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ക്ക് പുറമേ 29 പ്രവാസി മേഖല ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തിരിച്ചുവരുന്ന പ്രവാസികളുടെ പ്രശ്‌ന പരിഹാരങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിനിധികള്‍ പറഞ്ഞു.
പ്രവാസികളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലോക കേരള സഭയിലും ചിലരുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രതിനിധികളെ ഉള്‍പ്പെടുത്തിയത്. ഭരണ നിര്‍വഹണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഉണ്ടാവുന്ന ഭവിഷത്ത് വലുതായിരിക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടല്‍ അനിവാര്യമായ സാഹചര്യമാണെന്നും മിക്ക പ്രതിനിധികളും പറഞ്ഞു.
പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."