സി.ബി.ഐ വരട്ടെ; നേരറിയട്ടെ
പട്ടികജാതി, പട്ടികവര്‍ഗ മന്ത്രി എ.കെ. ബാലനെ ഇത്ര മോശമായ രീതിയില്‍ മുഖ്യമന്ത്രി അപമാനിക്കുമെന്ന് അദ്ദേഹം സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചുകാണില്ല. ശുഹൈബ് വധക്കേസ് സി.ബി.ഐ ഉള്‍പ്പെടെ ഏത് ഏജന്‍സിക്കും കൈമാറാന്‍ സര്‍ക്കാര്‍ തയാറാണെന്നു കണ്ണൂരിലെ സമാധാനയോഗത്തിനുശേഷം മന്ത്രി എ.കെ. ബാലന്‍ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി നാലുദിവസം കഴിഞ്ഞു നിയമസഭയില്‍ പുച്ഛിച്ചു തള്ളി. ആത്മാഭിമാനമുണ്ടെങ്കില്‍ മന്ത്രിയായി തുടരണോയെന്നു ബാലന്‍ ആലോചിക്കട്ടെ.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഈ സര്‍ക്കാരില്‍ നിന്നു ശുഹൈബിന്റെ കുടുംബത്തിനു നീതി കിട്ടില്ലെന്നുറപ്പായി. ഈ സാഹചര്യത്തില്‍ ശുഹൈബ് കൊലക്കേസ് സംബന്ധിച്ച പ്രക്ഷോഭം യു.ഡി.എഫ് ഏറ്റെടുക്കുകയാണ്. നിയമപരമായ പോരാട്ടമാണു ഉദ്ദേശിക്കുന്നത്. ശുഹൈബിന്റെ മാതാപിതാക്കളും ആവശ്യപ്പെടുന്നതു സി.ബി.ഐ അന്വേഷണമാണ്. യാഥാര്‍ഥ്യങ്ങള്‍ കോടതിക്കു ബോധ്യപ്പെടുമ്പോള്‍ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം പ്രതീക്ഷിക്കാം.
നിലവിലുള്ള അന്വേഷണം കൊന്നവരിലേക്കും കൊല്ലിച്ചവരിലേക്കും എത്തുമെന്ന പ്രതീക്ഷയില്ല. പൊലിസ് അറച്ചുനില്‍ക്കുകയായിരുന്നു ആദ്യം. റോഡ് ബ്ലോക്ക് ചെയ്യാനോ വണ്ടികള്‍ പരിശോധിക്കാനോ തുനിഞ്ഞില്ല. അങ്ങനെ ഘാതകര്‍ എളുപ്പത്തില്‍ സ്ഥലം വിട്ടു. എസ്.ഐ അവധിയില്‍ പോകുകയും റെയ്ഡ് വിവരം ചോരുകയും ചെയ്തു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെടുത്തത് ഏറെ വൈകിയാണ്. 16 ദിവസം കഴിഞ്ഞിട്ടും ആയുധങ്ങള്‍ കണ്ടെത്താത്തത് എന്തുകൊണ്ടെന്നു ഹൈക്കോടതിക്കു ചോദിക്കേണ്ടിവന്നു.
ആറുദിവസം കഴിഞ്ഞാണു മുഖ്യമന്ത്രി അപലപിച്ചത്. അര്‍ധമനസ്സോടെ എട്ടു വാചകങ്ങള്‍. അഡാര്‍ ലവ് സിനിമയ്ക്കു നല്‍കിയ പ്രതികരണത്തിന്റെ പകുതിവാചകം പോലുമില്ല. കൊല നടത്തിയതു സി.പി.എമ്മുകാരാണെന്നു ഡി.ജി.പി പറഞ്ഞിട്ടും സി.പി.എം നേതാക്കള്‍ അതു നിഷേധിച്ചു. എന്നാല്‍, കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത മുഴുവന്‍ പ്രതികളും സി.പി.എമ്മുകാരാണെന്നു തെളിഞ്ഞു. പ്രധാനപ്രതികളായ ആകാശും രജില്‍രാജും മുഖ്യമന്ത്രിക്കും സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൂടിയായ ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ പാര്‍ട്ടി അഭയം നല്‍കി. ശുഹൈബ് കൊല്ലപ്പെട്ട ദിവസം ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രധാനപ്രതികളായ കൊടിസുനി, കിര്‍മാണി മനോജ്, എം.സി അനൂപ് എന്നിവര്‍ പരോളിലായിരുന്നതു സംശയം ജനിപ്പിക്കുന്നു.
ബോംബെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും മാരകായുധങ്ങള്‍ ഉപയോഗിച്ചും നടത്തിയ കുറ്റമായതിനാല്‍ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഗുഢാലോചനയിലേക്ക് അന്വേഷണമെത്തുന്നില്ല. അറസ്റ്റിലായ പ്രതികള്‍ക്കു ശുഹൈബുമായി നേരിട്ടു ബന്ധമില്ല. അപ്പോള്‍ ആരാണു കൊല്ലിച്ചത്, എന്തായിരുന്നു ലക്ഷ്യം എന്നീ ചോദ്യങ്ങള്‍ പ്രസക്തമാകുന്നു. പ്രാദേശികമായി ഉയര്‍ന്നുവരുന്ന ജനകീയനേതാക്കളെ സി.പി.എമ്മിനു സഹിക്കില്ല. ടിപിക്ക് 51 വെട്ട്; ശുഹൈബിന് 41 വെട്ട്.
കണ്ണൂരില്‍ നടന്ന നിരവധി രാഷ്ട്രീയകൊലപാതകങ്ങളില്‍ ലോക്കല്‍ പൊലിസ് യഥാര്‍ത്ഥ പ്രതികളെയല്ല പിടികൂടിയത്. അതിനാല്‍ പ്രതികള്‍ക്കു ശിക്ഷ ലഭിക്കില്ല. കൊല്ലിച്ചവര്‍ രക്ഷപ്പെട്ടു. സി.ബി.ഐ വന്നതോടെ ചില കേസുകളിലെങ്കിലും നേരറിയാനായി. കൊല്ലിച്ചവരിലേക്കും നീതിയുടെ കരങ്ങള്‍ നീണ്ടു. അതുകൊണ്ടാണു ശുഹൈബിന്റെ കൊലപാതകവും സി.ബി.ഐ അന്വേഷിക്കണമെന്നു പറയുന്നത്. സി.ബി.ഐ അന്വേഷണസംഘത്തിന് ഏറ്റവും ജോലിഭാരമുള്ള ജില്ലയാണിന്നു കണ്ണൂര്‍. അവിടെ സിബിഐ അന്വേഷണം നടക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ കൊലപാതക്കേസുകള്‍ ഇപ്രകാരം.
1) കതിരൂര്‍ മനോജ് വധക്കേസ്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ കെ. മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണു കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു മനോജിനെ വാഹനത്തില്‍നിന്നു വലിച്ചിറക്കി വടിവാളിനു വെട്ടിക്കൊല്ലുകയായിരുന്നു. ക്രൈംബ്രാഞ്ചാണു കേസ് ആദ്യമന്വേഷിച്ചത്. പിന്നീട് സിബിഐക്കു കൈമാറി. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ 25-ാം പ്രതിയാണ്. പി.ജയരാജനെ 15 വര്‍ഷംമുമ്പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജ് വധമെന്നു കുറ്റപത്രത്തില്‍ പറയുന്നു. ജാമ്യമില്ലാവകുപ്പുള്ള യു.എ.പി.എ പ്രകാരമാണു കേസെടുത്തത്.
2) അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടിവി രാജേഷ് എം.എല്‍.എ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാര്‍ത്തി വയലിന്റെ നടുവില്‍ വച്ചു താലിബാന്‍ മോഡല്‍ വിചാരണനടത്തിയാണു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ചത്. ഷുക്കൂറിന്റെ ഉമ്മയുടെ അപേക്ഷയിന്മേലാണു സി.ബി.ഐ ഏറ്റെടുത്തത്. ഈ കേസില്‍ ജയരാജനും ടി.വി രാജേഷും പ്രതികളാണ്.
3) ഫസല്‍ വധക്കേസ്: സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍.ഡി.എഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് 2006 ഒക്ടോബര്‍ 22 നു കൊല്ലപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നീ സി.പി.എം നേതാക്കളാണു പ്രതിസ്ഥാനത്തുള്ളത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിയാണ് ഈ കേസിലെ ഒന്നാംപ്രതി.
4) പയ്യോളി മനോജ് വധക്കേസ്: 2012 ഫെബ്രു 12 നാണു ബി.എം.എസ് നേതാവ് പയ്യോളി മനോജ് കൊല്ലപ്പെടുന്നത്. ആദ്യം ലോക്കല്‍ പൊലിസും തുടര്‍ന്നു ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ പാളിച്ച കണ്ടു ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേസില്‍ ഏഴു സി.പി.എം നേതാക്കള്‍ പ്രതികളാണ്.
സി.ബി.ഐ അന്വേഷിച്ചതുകൊണ്ടു മാത്രമാണ് ഈ കേസുകള്‍ ഇവിടംവരെ എത്തിയത്. കണ്ണൂരില്‍ കൊല്ലിച്ചവരിലേക്ക് എത്താന്‍ ലോക്കല്‍ പൊലിസിനു കഴിയില്ല. പൊലിസിനകത്തു തന്നെ പാര്‍ട്ടി ഘടകമുണ്ട്. അവര്‍ക്കു സോഷ്യല്‍ മീഡിയ കൂട്ടായ്മയുണ്ട്. പൊലിസ് നടത്തുന്ന ഏതു നീക്കവും അകത്തുനിന്നു തന്നെ അവര്‍ പൊളിച്ചടുക്കും.
കൊലനിലമായി മാറിയ കണ്ണൂരില്‍ ഇതുവരെ രാഷ്ട്രീയസംഘട്ടനങ്ങളില്‍ 225 പേരുടെ ജീവന്‍ പൊലിഞ്ഞതായാണു കണക്ക്. ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണു ബഹുഭൂരിപക്ഷം കൊലപാതകങ്ങളും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 23 രാഷ്ട്രീയകൊലപാതകം നടന്നു. ഇതില്‍ ബി.ജെ.പി-14, സി.പി.എം- 4, മുസ്‌ലിംലീഗ് 3, കോണ്‍ഗ്രസ്-1 എന്നിവരെ കൂടാതെ ഒരു മുന്‍കാല സി.പി.എം പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടുണ്ട്. എല്ലാ കൊലപാതകങ്ങളുടെയും ഒരു വശത്ത് സി.പി.എം ഉണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കണ്ണൂര്‍ കൊലപാതകങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആരാണെന്ന് ഇതില്‍ നിന്നു വ്യക്തം.
ഷുഹൈബിന്റെ കൊലപാതകത്തില്‍ നടന്നത് എന്താണെന്നും കൊല്ലിച്ചത് ആരാണെന്നും പകല്‍പോലെ വ്യക്തം. ഈ കേസിലും സിബിഐ വരട്ടെ; സത്യം പുറത്തുവരട്ടെ.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം
നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍
1 19.05.16 രവീന്ദ്രന്‍ സി.പി.എം. കണ്ണൂര്‍
2 11.07.16 ധനരാജ് (40) ഡി.വൈ.എഫ്.ഐ കണ്ണൂര്‍
3 12.07.16 രാമചന്ദ്രന്‍ (40) ബി.ജെ.പി കാസര്‍കോട്
4 15.07.16 നസറുദ്ദീന്‍ (23) മുസ്്‌ലിംലീഗ് കോഴിക്കോട്
5 12.07.16 അസ്‌ലം (24) മുസ്്‌ലിംലീഗ് കോഴിക്കോട്
6 05.08.16 നസീര്‍ (55) എക്‌സ് സി.പി.എം കോട്ടയം
7 03.09.16 വിനീഷ് (28) ബി.ജെ.പി കണ്ണൂര്‍
8 10.10.16 മോഹനന്‍ (52) സി.പി.എം കണ്ണൂര്‍
9 12.10.16 റെമിത് (28) ബി.ജെ.പി കണ്ണൂര്‍
10 18.01.17 സന്തോഷ്‌കുമാര്‍(52) ബി.ജെ.പി കണ്ണൂര്‍
11 28.12.16 രാധാകൃഷ്ണന്‍ ബി.ജെ.പി പാലക്കാട്
12 16.01.17 വിമലാദേവി ബി.ജെ.പി പാലക്കാട്
13 19.01.17 മുരളീധരന്‍ സി.പി.എം മലപ്പുറം
14 18.02.17 രവീന്ദ്രന്‍ പിള്ള ബി.ജെ.പി കൊല്ലം
15 14.02.17 നിര്‍മ്മല്‍ ബാലന്‍ ബി.ജെ.പി തൃശൂര്‍
16 05.12.17 ചൂരക്കാട് ബിജു ബി.ജെ.പി കണ്ണൂര്‍
17 29.07.17 രാജേഷ് (34) ആര്‍.എസ്.എസ് തിരുവനന്തപുരം
18 24.08.17 വിപിന്‍ (26) ആര്‍.എസ്.എസ് മലപ്പുറം
19 12.11.17 ആനന്ദന്‍ (28) ആര്‍.എസ്.എസ് തൃശൂര്‍
20 26.11.17 സതീശന്‍ (47) ബി.ജെ.പി തൃശൂര്‍
21 19.01.18 ശ്യാമ പ്രസാദ് (25) എ.ബി.വി.പി കണ്ണൂര്‍
22 12.02.18 ശുഹൈബ് (28) കോണ്‍ഗ്രസ് കണ്ണൂര്‍
23 25.2.18 സഫീര്‍ (22) മുസ്്‌ലിംലീഗ് പാലക്കാട്
ബി.ജെ.പി-14, സി.പി.എം-4, മുസ്്‌ലിംലീഗ്-3, കോണ്‍ഗ്രസ്-1, എക്‌സ് സി.പി.എം-1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."