ഇറ്റലിയില്‍ ജനം വിധിയെഴുതി; ഫലം ഇന്ന്
റോം: കുടിയേറ്റ-സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ ഇറ്റാലിയന്‍ ജനത വിധിയെഴുതി. എല്ലാ കക്ഷികളും കടുത്ത മത്സരം കാഴ്ചവച്ച തെരഞ്ഞെടുപ്പില്‍ ആരു വെന്നിക്കൊടി പാറിക്കുമെന്ന കാര്യം ഇപ്പോഴും പ്രവചിക്കാനാകില്ലെന്നാണു പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഫലം ഇന്നു പുറത്തുവരും.
ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി, വലതുപക്ഷ പാര്‍ട്ടിയായ ഫോഴ്‌സ ഇറ്റാലിയ, പോപുലിസ്റ്റ് പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് എന്നിവയ്ക്കാണു കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റിവ് നേതാവുമായ ഫോഴ്‌സ ഇറ്റാലിയയുടെ സില്‍വിയോ ബെര്‍ലുസ്‌കോനിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു മുന്നിട്ടുനിന്നത്.
നാലു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ബെര്‍ലുസ്‌കോനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രധാനമന്ത്രി പദവിയിലിരിക്കാന്‍ അദ്ദേഹത്തിന് അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. ഒരു നികുതി തട്ടിപ്പു കേസ് അദ്ദേഹത്തിനെതിരേ നിലനില്‍ക്കുന്നുണ്ട്. കുടിയേറ്റ വിരുദ്ധ കക്ഷികളുമായി ചേര്‍ന്നാണ് ഫോഴ്‌സ ഇറ്റാലിയ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
തെരഞ്ഞെടുപ്പിന്റെ രണ്ട് ആഴ്ച മുന്‍പ് അഭിപ്രായ വോട്ടെടുപ്പിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിനു മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ബെര്‍ലുസ്‌കോനിയുടെ സഖ്യത്തിനാണു വിജയം പ്രവചിച്ചത്.
ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും പ്രവചനമുണ്ട്. മാറ്റിയോ റെന്‍സിയാണ് ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി.
യൂറോപ്പില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പോപുലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇറ്റാലിയന്‍ പരീക്ഷണം കൂടിയാണ് ഇന്നലെ കൊടിയിറങ്ങിയ പൊതുതെരഞ്ഞെടുപ്പ്. ഫൈവ് സ്റ്റാറിനു പുറമെ തീവ്ര വലതുപക്ഷ കക്ഷിയായ ലാ ലിഗയുടെ കൂടി പരീക്ഷണഘട്ടമാണിത്. യൂറോപ്യന്‍ യൂനിയനും സ്വതന്ത്ര വ്യാപാരനയത്തിനും വിരുദ്ധരായ ഇരുരകക്ഷികളും റഷ്യന്‍ അനുകൂല സംഘടനകള്‍ കൂടിയാണ്.
രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കൂടുതല്‍ ചര്‍ച്ചയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."