പഞ്ചായത്തിന്റെ അനാസ്ഥ; കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ചു
പുല്‍പ്പള്ളി: പഞ്ചായത്തധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പിഞ്ചുകുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ചതായി മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കായക്കളം നിസാമുദ്ദീന്‍, ഭാര്യ നസീമ എന്നിവരാണ് പരാതി ഉന്നയിച്ചത്.
2009 ആഗസ്റ്റ് 21നാണ് നസീമ പുല്‍പ്പള്ളിയിലെ ഒരു സ്വകാര്യാശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ പതിവുപോലെ പുല്‍പ്പള്ളി പഞ്ചായത്തില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച് പഞ്ചായത്തധികൃതര്‍ സീല്‍വച്ച് നല്‍കിയ രേഖകള്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കുവാനായി മാതാപിതാക്കള്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്തധികൃതരെ സമീപിച്ച് അപേക്ഷ നല്‍കിയപ്പോള്‍ ഇങ്ങനെയൊരു കുട്ടിയുടെ ജനനം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ഇവിടെനിന്നും കിട്ടിയ മറുപടി. കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തതായി പഞ്ചായത്തധികൃതര്‍ നല്‍കിയ രേഖകള്‍ ആശുപത്രിയില്‍ നിന്നും ഹാജരാക്കിയപ്പോള്‍ ഇതുസംബന്ധിച്ച് തങ്ങള്‍ക്കൊന്നും പറയാനില്ലെന്ന നിലപാടാണ് പഞ്ചായത്തധികൃതര്‍ സ്വീകരിച്ചത്.
ജനന സര്‍ട്ടിഫിക്കറ്റില്ലാതെ സ്‌കൂളില്‍ ചേര്‍ക്കുവാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതരും. പഞ്ചായത്ത് ജീവനക്കാരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നത് സ്പഷ്ടമാണ്. എന്നാല്‍ ഇത് തിരുത്തുവാന്‍ പഞ്ചായത്തധികൃതര്‍ തയാറല്ല. കുട്ടിയുടെ ജന സര്‍ട്ടിഫിക്കറ്റിനായി പലതവണ പഞ്ചായത്തില്‍ കയറി ഇറങ്ങിയ തങ്ങളോട് ജീവനക്കാര്‍ വളരെ മോശമായാണ് പെരുമാറിയതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
വീട്ടിലാണ് പ്രസവം നടന്നതെന്ന രീതിയില്‍ രണ്ട് അയല്‍വാസികളുടെ സാക്ഷ്യപത്രം ഗസറ്റഡ് ഓഫിസര്‍ അറ്റസ്റ്റ് ചെയ്തതടക്കമുള്ള വ്യാജരേഖകള്‍ ഹാജരാക്കിയാല്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് പഞ്ചായത്തിലെ ഒരു ജീവനക്കാരന്‍ തങ്ങളോട് പറഞ്ഞതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
തങ്ങള്‍ക്കൊരു കുട്ടി പിറന്നുവെന്ന് തെളിയിക്കുവാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിസാമുദ്ദീനും നസീമയും നിസഹായതയോടെ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."