ഡേവിഡ് ജെയിംസ് തുടരും 2021 വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ഡേവിഡ് ജെയിംസ് 2021 വരെ തുടരും. ക്ലബും ഡേവിഡ് ജെയിംസും തമ്മില്‍ ദീര്‍ഘകാല കരാറില്‍ ഒപ്പിട്ടു. ഐ.എസ്.എല്‍ നാലാം പതിപ്പിലെ വമ്പന്‍ തോല്‍വികളെ തുടര്‍ന്ന് മുഖ്യ പരിശീലകനായിരുന്ന റെനെ മ്യൂളന്‍സ്റ്റീനെ പാതിവഴിയില്‍ പടിയിറക്കി വിട്ടതോടെയാണ് ഡേവിഡ് ജെയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയത്. ഡേവിഡ് ജെയിംസിന്റെ കീഴില്‍ മികവ് വീണ്ടെടുക്കാനായെങ്കിലും ബ്ലാസ്റ്റേഴ്സിന് ഈ സീസണില്‍ ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രഥമ സീസണില്‍ മാര്‍ക്വീതാരവും മുഖ്യ പരിശീലകനും ഡേവിഡ് ജെയിംസായിരുന്നു. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിച്ചാണ് ജെയിംസ് സ്വദേശത്തേക്ക് മടങ്ങിയത്. സഹ പരിശീലകന് ഹെര്‍മന്‍ ഹ്രിഡാര്സണിന്റെ കരാറും ബ്ലാസ്റ്റേഴ്സ് നീട്ടി നല്‍കിയിട്ടുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി തന്നെ വീണ്ടും തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ഡേവിഡ് ജെയിംസ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച പിന്തുണയുള്ള ഒരു ഫുട്ബോള്‍ ടീമിന്റെ തലപ്പത്തിരിക്കാനും മറ്റേതൊരു ടീമിനോടും മത്സരിക്കാന്‍ കെല്പുള്ള ഒരു ടീമിനെ നയിക്കാനും കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഡേവിഡ് ജെയിംസ് പ്രതികരിച്ചു. ക്ലബ് അംഗങ്ങളും ഞാനും ഫീല്‍ഡിലും പുറത്തും പ്രകടനം മെച്ചപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. ഫുട്ബോള്‍ പ്രേമികളുടെ പിന്തുണയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മികച്ചതാക്കാന്‍ ഊന്നല്‍ നല്‍കും. ബ്ലാസ്റ്റേഴ്സിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."