എം.എ. യൂസഫലി ലോകത്തിലെ ഏറ്റവും സമ്പന്നായ മലയാളി
ജിദ്ദ: ഫോബ്‌സ് മാസികയുടെ ഗ്ലോബല്‍ ബില്യനെയര്‍- 2018 പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഏറ്റവും സമ്പന്നായ മലയാളി. 32,500 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. 25,300 കോടി ആസ്തിയുള്ള പ്രവാസി വ്യവസായി രവി പിള്ളയാണ് സമ്പന്നനായ മലയാളികളുടെ പട്ടികയില്‍ രണ്ടാമത്. സണ്ണി വര്‍ക്കി (15,600 കോടി), ക്രിസ് ഗോപാലകൃഷ്ണന്‍ 11,700 കോടി), പി.എന്‍.സി.മേനോന്‍( 9,700 കോടി), ഷംസീര്‍ വയലില്‍ (9,700 കോടി), ജോയ് ആലുക്കാസ് (9,700 കോടി ), ടി.എസ്.കല്യാണരാമന്‍( 9,100 കോടി), എസ്.ഡി.ഷിബുലാല്‍ (7,800 കോടി), കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (7,800കോടി) എന്നിവരാണ് പട്ടികയിലെ അടുത്ത സ്ഥാനങ്ങളിലുള്ള മലയാളികള്‍.
മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. 2.6 ലക്ഷം കോടി ആസ്തി. 1.19 ലക്ഷം കോടിയുമായി അസിം പ്രേംജി രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം സഊദിയില്‍നിന്ന് ഇത്തവണ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ആരും ഇടം നേടിയില്ല. ഫോബ്‌സ് മാസിക എല്ലാ വര്‍ഷവും ലോക കോടീശ്വരന്‍മാരുടെ പട്ടിക പുറത്തുവിടാറുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട പട്ടികയില്‍ സഊദിയില്‍നിന്ന് പത്ത് പ്രമുഖരുമുണ്ടായിരുന്നു. അതില്‍ പ്രമുഖനായിരുന്നു ബിന്‍ തലാല്‍ രാജകുമാരന്‍.
എന്നാല്‍ പുതിയ പട്ടികയില്‍ ഒരാള്‍ പോലും സഊദിയില്‍ നിന്നില്ല. സഊദിയിലുള്ളവരുടെ ആസ്തി വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് ഫോബ്‌സ് നല്‍കുന്ന വിശദീകരണം.
ലോക കോടീശ്വരന്‍മാരില്‍ പത്താമനായിരുന്നു ബിന്‍ തലാല്‍ രാജകുമാരന്‍. സഊദി രാജകുടുംബാംഗമമായ ഇദ്ദേഹത്തിന് ലോകത്തിന്റെ എല്ലാ മേഖലകളിലും നിക്ഷേപമുണ്ട്. ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള 300ഓളം പ്രമുഖരെ സഊദിയില്‍ കഴിഞ്ഞ നവംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ പണം നല്‍കിയായിരുന്നു മോചിതരായിരുന്നത്. അഴിമതി വിരുദ്ധ അറസ്റ്റിന് ശേഷം ഇവരുടെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും ഫോബ്്‌സ് മാസിക വിശദീകരിക്കുന്നു.
ആമസോണ്‍ ഡോട് കോമിന്റെ ജെഫ് ബെസോസാണ് ലോകത്തെ ഏറ്റവും സമ്പന്നന്‍- ആസ്തി ഏഴ് ലക്ഷം കോടി രൂപ. മൈക്രോസോഫ്റ്റ് ഭീമന്‍ ബില്‍ഗേറ്റ്‌സാണ് രണ്ടാം സ്ഥാനത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."