വികസനസെമിനാര്‍ ബഹിഷ്‌കരണം രാഷ്ട്രീയപ്രേരിതമെന്ന്
ആനക്കര: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വികസന സെമിനാര്‍ യു.ഡി.എഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചത് രാഷ്ട്രീയ പ്രേരിതമായാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷം സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി ബ്ലോക്കിലെ 14 ഡിവിഷനുകളിലും രാഷ്ട്രീയ വിവേചനം കാണിക്കാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ഭരണപക്ഷമെന്നോ, പ്രതി പക്ഷമെന്നോ വേര്‍തിരിവില്ലാതെ ഫണ്ട് വിനിയോഗം നടത്തിയതിനാല്‍ ഒരാക്ഷേപവും ഇന്നേ വരെ ബോര്‍ഡ് യോഗത്തിലോ, മറ്റു വേദികളിലോ യു.ഡി.എഫ് മെമ്പര്‍ മാര്‍ക്ക് ഉന്നയിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന എം.പി, എം.എല്‍.എ എന്നിവരുടെ പദ്ധതികള്‍ക്ക് യാതൊരു വിധ കാലതാമസവും വിവേചനവും ഭരണ സമിതി വരുത്തിയിട്ടില്ല. എന്നിട്ടും ഇവരുടെ പദ്ധതികളുടെ ഉദ്ഘാടനം ഉള്‍പ്പെടെ നടക്കുമ്പോള്‍ ഏകപക്ഷീയ ബമീപനം സ്വീകരിക്കാറുണ്ട്.
എം.എല്‍.എയെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുന്നില്ല എന്നാണ് ഒരു പരാതിയായി പറയുന്നത്. ഇതിന് കാരണം എ.കെ.ജിയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എം.എല്‍.എയെ ബഹിഷ്‌കരിക്കാന്‍ എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികളില്‍ എം.എല്‍.എയെ ക്ഷണിക്കാത്തത്. എന്നാല്‍ ഇതിനെതിരേയും ഒരു പ്രതിഷേധവും ഇതിന് മുമ്പ് ഉന്നയിക്കുകയുണ്ടായിട്ടില്ല.
തൃത്താല ബോക്ക് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കി കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് തന്നെ മാതൃകയായ മ്യൂസിയം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് കിട്ടികൊണ്ടിരിക്കുന്ന പിന്തുണയില്‍ വിറളി പൂണ്ടാണ് ഇപ്പോള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ വികസന സെമിനാര്‍ ബഹിഷ്‌കരിച്ചത്. ഇത് ജനപ്രതിനിധികള്‍ എന്ന നിലയില്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
യാതൊരു വിധ രാഷ്ട്രീയ വിവേചനവുമില്ലാതെ തൃത്താല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും സമഗ്രവികസനം ലക്ഷ്യമാക്കിയാണ് എല്ലാ മേഖലകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ഭരണസമിതി മുന്നോട്ടു പോകുന്നത്. തുടര്‍ന്നും രാഷ്ട്രീയ വിവേചനമില്ലാതെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും മുന്നേറ്റം ലക്ഷ്യമാക്കിയായിരിക്കും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ. കൃഷ്ണ കുമാര്‍, ടി.എ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജനാര്‍ദ്ദനന്‍, എം.വി ബിന്ദു, ധന്യ സുരേന്ദ്രന്‍, കെ. മനോഹരന്‍, ടി.കെ സുനിത, സി.കെ ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."