പള്‍സ് പോളിയോ: ജില്ലയില്‍ ആദ്യ ദിനം 1,83,589 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി
കൊച്ചി: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യ ദിനത്തില്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 1682 പള്‍സ് പോളിയോ ബൂത്തുകളിലൂടെയും, 114 മൊബൈല്‍ ബൂത്തുകളിലൂടെയും, ബസ് സ്റ്റാന്റുകളിലും, റെയില്‍വേ സ്റ്റേഷനുകളിലുമായി ഒരുക്കിയ 40 ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയുമായി 1,83,589 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. ഇതില്‍ 4,133 പേര്‍ ഇതരസംസ്ഥാന കുട്ടികളാണ്. ഇതാദ്യമായി മെട്രോ സ്റ്റേഷനിലും പള്‍സ് പോളിയോ ബൂത്ത് ഒരുക്കി. ആലുവ മെട്രോ സ്റ്റേഷനിലാണ് ബൂത്ത് പ്രവര്‍ത്തിച്ചത്. ഇവിടെ നിന്നും 138 കുട്ടികള്‍ക്ക് തുള്ളിമരുന്ന് കൊടുത്തു.
ജില്ലയില്‍ അഞ്ച് വയസിനു താഴെയുള്ള 2,10,013 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പോളിയോ ബൂത്തുകളിലെത്തി തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് 12, 13 എന്നീ തീയതികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുന്നതാണ്. ഈ വര്‍ഷം പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒരു ഘട്ടം മാത്രമായാണ് നടത്തുന്നത്.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് എം.എല്‍.എ വി.പി. സജീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ പത്ത് മാസം പ്രായമുള്ള മകന്‍ റയാന്‍ അഹമ്മദിന് തുള്ളിമരുന്ന് നല്‍കി കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കലക്ടറുടെ മൂത്ത കുട്ടി അഞ്ച് വയസുള്ള ഇക്രാ ഷാനത്തിനും ചടങ്ങില്‍ തുള്ളിമരുന്ന് നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, വൈസ് പ്രസിഡന്റ് നിഷ അലിയാര്‍, അഡീഷണല്‍ ഡി.എം.ഒ ഡോ. ശ്രീദേവി എസ്, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ഷീജ എന്‍.എ, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ നൂര്‍ജഹാന്‍ സക്കീര്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമ ജബ്ബാര്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ മണി, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷെറീന ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറീന എസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."