രണ്ടരലക്ഷം ഭവനരഹിതര്‍ക്ക് വീടുകള്‍ നല്‍കും: കെ.ടി ജലീല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം രണ്ടര ലക്ഷം ഭവനരഹിതര്‍ക്ക് വീട് നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഭൂമിയുള്ള 1.70 ലക്ഷം ഭവനരഹിതര്‍ക്കും പി.എം.എ.വൈ പദ്ധതിപ്രകാരം തെരഞ്ഞെടുത്ത 75,000 പേര്‍ക്കുമാണ് വീടുകള്‍ ലഭ്യമാക്കുക.
മുന്‍പുള്ള പദ്ധതിയില്‍ പണി പൂര്‍ത്തിയാകാത്ത 66,000 വീടുകളുടെ ജോലികള്‍ പൂര്‍ത്തിയാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പി.എം.വൈ ഗ്രാമീണ്‍ പദ്ധതിപ്രകാരമാണ് നേരത്തെ വീടുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന പുതിയ ഭവനപദ്ധതിക്ക് രൂപം നല്‍കി സര്‍വേ പൂര്‍ത്തിയാക്കി കേന്ദ്രത്തെ അറിയിക്കുകയും കേന്ദ്രം തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. പക്ഷേ കേന്ദ്രം നിര്‍ദേശിക്കുന്ന ഇരുചക്രവാഹനങ്ങള്‍, ഫ്രിഡ്ജ്, ലാന്‍ഡ്‌ഫോണ്‍ എന്നീ മൂന്ന് മാനദണ്ഡങ്ങള്‍ പദ്ധതിക്ക് വിനയാകും. ഇത് ബാധകമാവാത്ത അപേക്ഷകര്‍ക്കാണ് വീട് ലഭിക്കുക.
സാമ്പത്തിക വര്‍ഷം തീരാന്‍ 19 ദിവസം ബാക്കി നില്‍ക്കെ പദ്ധതി ചെലവ് 59.74 ശതമാനമാണ്. ട്രഷറികളില്‍നിന്ന് പാസായി കിട്ടാനുള്ള 336 കോടിയുംകൂടി ചേര്‍ത്താല്‍ ഈ വര്‍ഷത്തെ പദ്ധതി ചെലവ് 64.10 ശതമാനമാകും. തദ്ദേശസ്ഥാപനങ്ങളുടെ നികുതി പിരിവും മെച്ചപ്പെട്ടു.
കെട്ടിടാനുമതി, ഒക്യുപ്പെന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ സമയബന്ധിതമായും സുതാര്യമായും ലഭ്യമാക്കാന്‍ സോഫ്റ്റ് വെയര്‍ തയാറാക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."