വാദപ്രതിവാദങ്ങളുമായി സമരക്കാരും പാര്‍ട്ടിയും;കീഴാറ്റൂര്‍ ഉരുകുന്നു
കീഴാറ്റൂര്‍ സമരം കാറ്റുപോയ ബലൂണ്‍; ഭൂമി നല്‍കാന്‍ 56 പേര്‍ തയാര്‍: പി. ജയരാജന്‍
കണ്ണൂര്‍: കീഴാറ്റൂര്‍ സമരം കാറ്റുപോയ ബലൂണ്‍ ആണെന്ന് പി. ജയരാജന്‍. ബൈപ്പാസിനായി ആകെയുള്ള 60 പേരില്‍ 56 പേരും ഭൂമി നല്‍കാമെന്നുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കി. ബാക്കിയുള്ളവരും ഭൂമി നല്‍കാന്‍ തയാറാണ്. പക്ഷെ ഇനിയും ജമാഅത്തെ ഇസ്‌ലാമിയുടെയും ആര്‍.എസ്.എസിന്റേയും പ്രവര്‍ത്തകര്‍ കീഴാറ്റൂരില്‍ സമരത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനെതിരേ സി.പി.എം ജനങ്ങളെ അണിനിരത്തി വരികയാണ്. ജനങ്ങള്‍ അത് അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് യുവമോര്‍ച്ച സമരത്തിന് വീര്യം പകരാന്‍ എത്തിയത്. വികസന വിരുദ്ധരുടെ പക്ഷംചേര്‍ന്ന് മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമമെന്നും ജയരാജന്‍ പറഞ്ഞു. ജില്ലയില്‍ മറ്റിടങ്ങളില്‍ നടക്കുന്ന ഭൂസമരങ്ങളോടും സി.പി.എമ്മിന് അനുഭാവമാണുള്ളതെന്നും എന്നാല്‍ വികസനവിരുദ്ധ കാഴ്ചപ്പാട് സമരങ്ങള്‍ക്ക് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരത്തില്‍ ഉറച്ചുനില്‍ക്കും: വയല്‍കിളികള്‍
തളിപ്പറമ്പ്: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ 45 പേര്‍ ഡപ്യൂട്ടി കലക്ടര്‍ക്കു നല്‍കിയ പരാതി നിലനില്‍ക്കുമ്പോഴും അന്വേഷണം നടത്താനോ തീര്‍പ്പു കല്‍പ്പിക്കാനോ തയാറാകാത്ത എം.എല്‍.എ ഇപ്പോഴും വയല്‍ നികത്താനുളള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വയല്‍ക്കിളി പ്രവര്‍ത്തകര്‍. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 56 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നതു ശരിയല്ലെന്നും കൂട്ടായ്മ പറഞ്ഞു. എം.എല്‍.എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വയല്‍ നികത്തുന്നതിനെതിരേ 45 പേര്‍ ഡപ്യൂട്ടി കലക്ടര്‍ക്കു നല്‍കിയ പരാതി ഇപ്പോഴും നിലവിലുണ്ട്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് എം.എംല്‍.എക്ക് സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത്. ഇവരെ ഭീഷണിപ്പെടുത്തി മാറ്റിയതാണ്. ഇതില്‍ രണ്ടുപേര്‍ തിരിച്ചുവരാന്‍ തയാറാണ്. സമ്മതപത്രം കൈമാറിയ പി. ശങ്കരന്‍ നമ്പ്യാര്‍ പൂക്കോത്ത് തെരുവില്‍ താമസിക്കുന്നയാളാണ്.വയല്‍ക്കിളി സമരം ഊതിവീര്‍പ്പിച്ച സമരമാണെന്നത് പി. ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണ്. സമരം സി.പി.എമ്മിനെതിരേയല്ല ദേശീയപാതാ അതോറിറ്റിക്ക് എതിരെയാണ്. സമരം ജയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും വയല്‍ക്കിളി ഭാരവാഹികളായ സുരേഷ് കീഴാറ്റൂര്‍, സി. മനോഹരന്‍, എം. ജാനകി, ടി.സി കരുണാകരന്‍, സി. ജാനകി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മാര്‍ച്ചും പൊതുയോഗവും 15ന്
തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തില്‍ നാട്ടുകാരല്ല, പുറത്തുനിന്നുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന ജയിംസ്മാത്യു എം.എല്‍.എയുടെ പ്രതികരണത്തില്‍ കീഴാറ്റൂരില്‍ സമര ഐക്യാദാര്‍ഡ്യസമിതി പ്രവര്‍ത്തകയോഗം പ്രതിഷേധിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ഫ്യൂഡല്‍ മൂല്യബോധം വെടിഞ്ഞ് ജനാധിപത്യരാഷ്ട്രീയ സാംസ്‌ക്കാരിക പാരിസ്ഥിതിക സാക്ഷരത നേടുക എന്ന മുദ്രാവാക്യമുന്നയിച്ച് 15ന് വൈകുന്നേരം നാലിന് കീഴാറ്റൂരില്‍നിന്നു തളിപ്പറമ്പ് ടൗണിലേക്ക് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ നോബിള്‍ പൈകട അറിയിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."