എസ്.ബി.ഐ മിനിമം ബാലന്‍സ് പിഴ കുറച്ചു
ന്യൂഡല്‍ഹി: വിമര്‍ശനങ്ങള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി.
മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പിഴത്തുകയായി പ്രതിമാസം 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറച്ചു. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40ല്‍ നിന്ന് 12 രൂപയായി കുറച്ചിട്ടുണ്ട്. പിഴക്ക് 10 രൂപ ജി.എസ്.ടി ഈടാക്കും. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും.
മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ട് മാസം കൊണ്ട് എസ്.ബി.ഐ 1771 കോടി രൂപ ഈടാക്കിയതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ ബാങ്ക് തയാറായത്.
തങ്ങളുടെ ഉപഭോക്താക്കളുടെ വികാരങ്ങള്‍ മാനിച്ചാണ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയാറായതെന്ന് എസ്.ബി.ഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ മാനേജിങ് ഡയരക്ടര്‍ പി.കെ ഗുപ്ത പറഞ്ഞു.
സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നിരക്ക് ഒന്നും ഈടാക്കാത്ത ബേസിക്സ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 42 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് എസ്.ബി.ഐ ക്കുള്ളത്. 13 കോടി ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രി ജന്‍ ധന് യോജന അക്കൗണ്ടുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."