ചരക്കടവ് പാലത്തിന് കോണിപ്പാലമെന്ന ഓമനപ്പേര് മാറുമോ...?
ചാലിയം: കനോലി കനാലിന് കുറുകെയുള്ള ചരക്കടവ് പാലത്തിന് കോണിപ്പാലമെന്ന ഓമനപ്പേര് മാറുമെന്ന ആത്മവിശ്വാസത്തിലാണ് നാട്ടുകാര്‍
അപ്രോച്ച് റോഡിന് സ്ഥലം ലഭിക്കാത്തതായിരുന്നു തടസം. ആകാശപ്പാലമായി ഏറെക്കാലം തുടര്‍ന്നത് വിവാദമായി നില്‍ക്കെ കോണിവച്ച് കയറിയും മറ്റുമായി അക്കരെയിക്കരെ യാത്ര. തുടര്‍ന്ന് പാലത്തിന്റെ രണ്ടറ്റത്തും 34 വീതം പടികള്‍ സ്ഥാപിച്ച് നടപ്പാലമാക്കി.
പാലത്തിന് കോണിപ്പാലമെന്ന ഓമനപ്പേരും വന്നു. എന്നാല്‍ കനോലി കനാലിന് കുറുകെയുള്ള ചരക്കടവ് നടപ്പാലം പൊളിച്ചുപണിയണോ പടികള്‍ നീക്കി അപ്രോച്ച് റോഡ് പണിത് പാലമാക്കണോ എന്നതില്‍ തര്‍ക്കം.കോഴിക്കോട് മരാമത്ത് വിഭാഗം ഓഫിസിലെ ഫയല്‍ പരിശോധിച്ച് പാലത്തിന്റെ നിര്‍മാണരീതി കണ്ടെത്തിയ ശേഷം അന്തിമ തീരുമാനം എന്ന നിലപാടിലാണ് അധികൃതര്‍.
ചേലേമ്പ്ര, കടലുണ്ടി പഞ്ചായത്തുകള്‍ അതിരിടുന്ന കനാലില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച മിനി റോഡ് പാലത്തിന്റെ കാര്യത്തിലാണ് അനിശ്ചിതത്വം. നിര്‍മാണ ഘട്ടത്തിലേ മിനി റോഡ് പാലം എന്ന സങ്കല്‍പം ഇല്ലാതായി.
പടികള്‍ കയറിയുള്ള നടത്തം വയോധികര്‍ക്കും മറ്റും ബുദ്ധിമുട്ടാണ്. ഇതെ തുടര്‍ന്നാണ് കോണികള്‍ പൊളിച്ച് അപ്രോച്ച് റോഡ് പണിത് മിനി റോഡ് പാലം എന്ന പുതിയ ആശയം. പാലത്തിന്റെ തൂണ്‍ കരിമ്പാറയില്‍ തന്നെയാണോ ഉറപ്പിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ക്ക് ഫയല്‍ കാണാതെ പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍.
ഉള്‍നാടന്‍ ജലപാതയാണ് കനാല്‍ എന്നതിനാല്‍ പാലത്തിന് ജലനിരപ്പില്‍ നിന്ന് ആറ് മീറ്റര്‍ ഉയരം വേണം. കാലുകള്‍ ശക്തമെങ്കില്‍ അപ്രോച്ച് റോഡ് പണിത് മിനി റോഡ് പാലമാക്കാനാണ് ശ്രമം. പാലത്തിന്റെ കെട്ടുറപ്പ് ഭദ്രമല്ലെങ്കില്‍ മാത്രമേ പൊളിച്ചുപണിയൂ.
തൂണുകള്‍നാട്ടി മീതെ സ്‌ലാബുകള്‍ സ്ഥാപിച്ച് അപ്രോച്ച് റോഡ് ഒരുക്കാനാണ് ആലോചന. ചേലേമ്പ്ര പുല്ലിക്കടവ് ഭാഗത്തുനിന്ന് കടലുണ്ടി മുക്കത്തുകടവിനടുത്ത തീപ്പെട്ടിക്കമ്പനി ഭാഗത്തേക്ക് എളുപ്പം എത്താവുന്ന വഴിയിലെ പാലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."