സഊദിയില്‍ പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ലക്ഷ്യമിട്ട സൈബര്‍ ആക്രമണം തകര്‍ത്തു
റിയാദ്: സഊദിയിലെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനിയില്‍ സ്‌ഫോടനം ലക്ഷ്യമിട്ടു നടത്തിയ സൈബര്‍ ആക്രമണം തകര്‍ത്തതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഗസ്തിലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് സഊദി അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തിന് പിന്നില്‍ ഇറാന്റെ സഹായം ലഭിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. ആളപായവും വന്‍ നാശനഷ്ടവും ലക്ഷ്യമിട്ട സൈബര്‍ ആക്രമണം രഹസ്യകോഡുകളിലെ തകരാര്‍ മൂലമാണ് പാരായജയപ്പെട്ടത്. സുരക്ഷ സൈറ്റായ സൈബര്‍ സ്‌കൂപ്പും സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫാക്ടറിയില്‍ കംപ്യൂട്ടറുകളും ഡാറ്റകളും തകര്‍ക്കല്‍ മാത്രമായിരുന്നില്ല ലക്ഷ്യമെന്നും ഫാക്ടറിയില്‍ വന്‍ സ്‌ഫോടനമായിരുന്നു സൈബര്‍ പോരാളികള്‍ ലക്ഷ്യമിട്ടിരുന്നത്. വന്‍ സ്‌ഫോടനത്തിനും ആളപായത്തിനുമാണ് ഇവര്‍ ലക്ഷ്യമാക്കിയതെന്നു അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രഹസ്യ കോഡുകളിലെ തകരാര്‍ കാരണം സ്‌ഫോടനത്തിനു പകരം ഫാക്റ്ററിയില്‍ കംപ്യൂട്ടറുകള്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാക്കുകയായിരുന്നു. സൈബര്‍ ആക്രമണത്തിന് വിധേയമായ ഫാക്ടറി സ്‌ഫോടനത്തിനു പകരം കംപ്യൂട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് പ്ലാന്റ് ഷട്ട്ഡൗണ്‍ ആകുകയായിരുന്നു. ഇത്തരത്തിലുള്ള ആക്രമണം നടത്തുന്നതിനുള്ള സാങ്കേതികവിദ്യ ഇറാന് ലഭ്യമാണെന്നും സംഭവത്തിനു പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ലോകത്ത് മാരകമായ സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരുടെ പട്ടിക നേരത്തെ എഫ്.ബി.സി പുറത്തുവിട്ടിരുന്നു. അതില്‍ ഏറിയ പങ്കും ഇറാനികളായിരുന്നു. സഊദിയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നിലും ഇറാന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോ ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങള്‍ക്ക് നേരെയും നേരത്തെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."