'ഇതര'രുടെ ആധാറുകളില്‍ വ്യാജന്‍; പൊലിസിന് ശരണം ബാങ്ക് അക്കൗണ്ട്
കണ്ണൂര്‍: കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇതരസംസ്ഥാനക്കാരെ പിടികൂടാന്‍ ആധാര്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോയ അന്വേഷണസംഘങ്ങള്‍ക്ക് ഇരുട്ടില്‍ത്തപ്പി വെറുംകൈയോടെ തിരിച്ചുവരേണ്ട ഗതികേട്.
ആധാറില്‍ പറയുന്ന ആള്‍ ആ നാട്ടില്‍ ജനിച്ചിട്ടേയില്ലെന്ന മറുപടിയാണ് പലപ്പോഴും കിട്ടുന്നത്. അതിനാല്‍, കേസന്വേഷണത്തിന് ആധാറിനെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു പൊലിസ്.
വ്യക്തിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയതെന്നതിനാല്‍ സുപ്രധാന തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ആധാറിലാണ് വ്യാജന്‍ കയറിക്കൂടിയെന്നു വ്യക്തമായിരിക്കുന്നത്. കേസന്വേഷണത്തിനായി മറുനാട്ടിലെത്തി ദിവസങ്ങള്‍ തങ്ങി തിരിച്ചുവരുന്നതു മൂലം യാത്രാച്ചെലവില്‍ അനാവശ്യ നഷ്ടമാണ് പൊലിസിനുണ്ടാകുന്നത്. കൂടാതെ കേസന്വേഷണം എവിടെയും എത്താത്ത അവസ്ഥയിലുമാകും.
ആധാറിനെ വിശ്വസിച്ചതുമൂലമുണ്ടാകുന്ന ഈ ചതിയൊഴിവാക്കാന്‍ ഇനി ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നമ്പറിനേക്കാള്‍ ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ ആ വിവരം രേഖപ്പെടുത്തണമെന്ന് ആഭ്യന്തരവകുപ്പ് പൊലിസ് സ്‌റ്റേഷനുകളിലേക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതിനാല്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന പൊലിസിന്റെ ഇ-രേഖയില്‍ ആധാറിനേക്കാര്‍ പ്രധാനം ബാങ്ക് അക്കൗണ്ടിനാണ്.
വ്യാജവിലാസത്തില്‍ ആരെങ്കിലും ബാങ്ക് അക്കൗണ്ട് സംഘടിപ്പിച്ചാലും ഇയാള്‍ നടത്തിയ ഇടപാടുകളില്‍ ഒരെണ്ണമെങ്കിലും യഥാര്‍ഥ അക്കൗണ്ടുള്ള ഒരാളുമായിട്ടായിരിക്കുമെന്നും ഇതിലൂടെ ആളെ കണ്ടെത്താനാകുമെന്നുമാണു പൊലിസ് കരുതുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണം സമീപകാലത്തായി കൂടിയതിനാലാണു പൊലിസ് ഇവരുടെ വിവരം ശേഖരിക്കുന്നത്. ഇ-രേഖ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണു വിവരശേഖരണം. സ്വദേശത്തെ വിവരങ്ങള്‍, വിരലടയാളം, വോട്ടേഴ്‌സ് കാര്‍ഡ്, ആധാര്‍ എന്നിവയും ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതുമാണു ശേഖരിക്കുക.
ഓരോ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലും ഇ-രേഖ പ്രകാരമുള്ള വിവരശേഖരണം പുരോഗമിച്ചു വരികയാണ്. പലര്‍ക്കും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ ആധാര്‍ കാര്‍ഡായിരുന്നു മുഖ്യം. ബംഗാളികളെന്ന വ്യാജേന ബംഗ്ലാദേശുകാരുള്‍പ്പെടെ വ്യാജആധാര്‍ മേല്‍വിലാസം സംഘടിപ്പിച്ച് കേരളത്തിലെത്തുന്നുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."