'ലേലു അല്ലൂ ലേലു അല്ലൂ' കെജ്‌രിവാളിന്റെ മാപ്പപേക്ഷ തുടരുന്നു; ഇനി മുപ്പതു കൂടി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ എന്നിവരോടു കൂടി മാപ്പു പറഞ്ഞതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാപ്പു ഭണ്ഡാരത്തില്‍ ഇനി മുപ്പതെണ്ണം ബാക്കി. തനിക്കെതിരായ അപകീര്‍ത്തിക്കേസുകളുടെ നൂലാമാലകളില്‍ രക്ഷ നേടാനാണ് കെജ് രിവാള്‍ മാപ്പു പറച്ചിലുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
വിവിധ രാഷ്ട്രീയനേതാക്കള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് 22 സംസ്ഥാനങ്ങളിലായി 33 അപകീര്‍ത്തിക്കേസുകളാണ് ആംആദ്മി പാര്‍ട്ടി (എ.എ.പി.) നേതാവുകൂടിയായ കെജ്‌രിവാളിന്റെ പേരിലുള്ളത്.
ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജീദിയയോടാണ് കെജ്‌രിവാള്‍ ആദ്യം മാപ്പുപറഞ്ഞത്. ഇത് ഏറെ വിവാദ്ദത്തിനിട
യാക്കിയിരുന്നു. എന്നാല്‍ വിവാദം വകവെക്കാതെ തിങ്കാളാഴ്ച അദ്ദേഹം അടുത്ത മാപ്പപേക്ഷയുമായെത്തുകയായിരുന്നു. മാപ്പപേക്ഷയെത്തുടര്‍ന്ന് ഈ കേസുകളില്‍ കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും കോടതി കുറ്റവിമുക്തരാക്കി.
മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെടുത്തിയതിനെ തുടര്‍ന്നാണ് മജീദിയ കെജ് രിവാളിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഈ മാപ്പു പറച്ചിലിനെ തുടര്‍ന്ന് പഞ്ചാബ് ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ രാജി വച്ചിരുന്നു. 'ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാര്‍' എന്ന പേരില്‍ 2014ല്‍ എ.എ.പി. പുറത്തിറക്കിയ പട്ടികയില്‍ ഗഡ്കരിയുടെയും കുടുംബാംഗങ്ങളുടെയും പേര് ഉള്‍പ്പെടുത്തിയതാണ് കേസിലേക്ക് നയിച്ചത്. വസ്തുതകള്‍ ഉറപ്പാക്കാതെയാണ് താന്‍ ആരോപണമുന്നയിച്ചതെന്ന് കെജ്‌രിവാളിന്റെ മാപ്പപേക്ഷയില്‍ പറയുന്നു. 'വ്യക്തിപരമായി എനിക്ക് താങ്കളോട് പ്രശ്‌നങ്ങളൊന്നുമില്ല. പരാമര്‍ശത്തില്‍ ഞാന്‍ ഖേദിക്കുന്നു. നമുക്ക് ആ സംഭവം മറന്നിട്ട് കോടതിനടപടികള്‍ അവസാനിപ്പിക്കാം' അപേക്ഷയില്‍ പറയുന്നു.
2013ല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് കപില്‍ സിബലിന്റെ മകനും അഭിഭാഷകനും കൂടിയായഅമിത്തിനോട് കെജ്‌രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മാപ്പപേക്ഷിച്ചത്. 'താങ്കള്‍ക്കും മകനുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്' എന്നാണ് അപേക്ഷയില്‍ പറയുന്നത്.
ഇവരെക്കൂടാതെ എ.എ.പി.യുടെ മുന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, ഷാസിയ ഇല്‍മി എന്നിവര്‍ക്കെതിരേയും അമിത് സിബല്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
ഇനിയും മാപ്പപേക്ഷകള്‍ തുടരുമെന്ന് സിസോദിയ സൂചന നല്‍കിക്കഴിഞ്ഞു. 'ഞങ്ങള്‍ വേദനിപ്പിച്ച വ്യക്തികളോട് ഞങ്ങള്‍ മാപ്പുചോദിക്കും. ജനങ്ങളെ സേവിക്കാനാണ് ഞങ്ങള്‍ ഈ സ്ഥാനത്തിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ക്ക് കോടതിയില്‍പ്പോകാന്‍ ഞങ്ങള്‍ക്ക് സമയമില്ല. ഇത് അഹന്തയുടെ പ്രശ്‌നമല്ല' അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."