താമരത്തല്ല്: തള്ളിപ്പറഞ്ഞ് കുമ്മനം, പരാതിയുമായി ശ്രീധരന്‍പിള്ളയും
കൊല്ലം: കെ.എം മാണി വിഷയത്തില്‍ വി. മുരളീധരന്റെ നിലപാടിനെതിരേ ഇന്നലെ കൊല്ലം വൈദ്യ ഹോട്ടലില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. മുരളീധരനെതിരേ പി.എസ് ശ്രീധരന്‍ പിള്ള പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി യോഗത്തില്‍ വായിച്ചു.
യോഗത്തില്‍ വി. മുരളീധരന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. കോര്‍കമ്മിറ്റിയില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു. കാര്യംകഴിഞ്ഞപ്പോള്‍ മുരളീധരന്‍ കലം നിലത്തിട്ട് ഉടയ്ക്കുന്നെന്ന് എം.ടി രമേശ് കുറ്റപ്പെടുത്തി. മുരളീധരന്റെ പ്രസ്താവന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. പ്രസ്താവന തിരുത്തി മുരളീധരന്‍ തന്നെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതേസമയം മുരളീധരനെതിരേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികൂടിയായ പി.എസ് ശ്രീധരന്‍പിള്ള നല്‍കിയ പരാതി കുമ്മനം യോഗത്തില്‍ വായിച്ചു.
മാണിക്കെതിരേയുള്ള മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂരില്‍ ദോഷം ചെയ്യുമെന്നും താന്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് മുരളീധരന്‍ നേരത്തെ അറിയിക്കണമായിരുന്നെന്നും ശ്രീധരന്‍ പിള്ളയുടെ പരാതിയിലുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മുരളീധരന്റെ നിലപാടിനെ കുമ്മനം രാജശേഖരന്‍ യോഗത്തില്‍ തള്ളിപ്പറഞ്ഞു. ബി.ഡി.ജെ.എസിന് നല്‍കിയ ഉറപ്പ് പാലിക്കുമെന്നും ഇപ്പോള്‍ ചില സാങ്കേതിക തടസങ്ങളുണ്ടെന്നും കുമ്മനം യോഗത്തില്‍ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ബിജെപി നേതാക്കള്‍ക്ക് രാഷ്ട്രീയ നിയമനവും ഘടകകക്ഷികള്‍ക്ക് സര്‍ക്കാര്‍തല നിയമനങ്ങളുമാണ് നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു മുരളീധരന്‍ യോഗത്തില്‍ വിശദീകരിച്ചത്. പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ടതോടെ പ്രസ്താവന തിരുത്തി മുരളീധരന്‍ പിന്നീട് രംഗത്തെത്തിയതും ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും അധ്യക്ഷന്‍ പറയുന്ന നിലപാടാണ് തന്റേതെന്നും മുരളീധരന്‍ പറഞ്ഞു. യോഗത്തിന് ശേഷം വി. മുരളീധരനെതിരേ കുമ്മനം രാജശേഖരന്‍ പരസ്യമായി രംഗത്തെത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും പല വിഭാഗത്തില്‍പ്പെടുന്നവരാണ് അവിടുത്തെ വോട്ടര്‍മാരെന്നും എല്ലാവരുടേയും വോട്ട് ബി.ജെ.പിക്ക് വേണമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും കുമ്മനം പറഞ്ഞു. മാണി അഴിമതിക്കാരനായതിനാല്‍ ഒരിക്കലും മാണിയെ എന്‍.ഡി.എയുടെ ഭാഗമാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്റെ നേരത്തേയുള്ള വിവാദ പരമാര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."