'ആകാശപ്പറവ'കളെ തേടി സ്വാബിക്കലിയും നൗഷാദ് ബാഖവിയുമെത്തി
അമ്പലത്തറ: കാരുണ്യത്തിന്റെയും ദയാവായ്പിന്റെയും സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും നല്ല ഇടയന്മാരെ തേടി പാണക്കാട്ടെ ഇളംതലമുറക്കാരന്‍ സയ്യിദ് സ്വാബിക്കലി ശിഹാബ് തങ്ങളും രാജ്യാന്തര പ്രശസ്തനായ പ്രഭാഷകന്‍ എ.എം നൗഷാദ് ബാഖവിയും ഇന്നലെ അമ്പലത്തറ സ്‌നേഹാലയത്തിലെ 'ആകാശപ്പറവ'കളെ സാന്ത്വനിപ്പിക്കാനെത്തി.
മക്കള്‍ തെരുവിലേക്കു വലിച്ചെറിഞ്ഞ മാതാപിതാക്കള്‍, ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ മനോനില തകര്‍ന്നതോടെ ബന്ധുക്കള്‍ തന്നെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട സഹോദരങ്ങള്‍, ജന്മം നല്‍കിയവര്‍ ആരെന്ന് പോലും അറിയാത്ത അനാഥര്‍...പ്രസംഗ വേദികളില്‍ വാക്ചാരുതയുടെ പ്രതിരൂപമായ നൗഷാദ് ബാഖവി വാക്കുകള്‍ക്കു വേണ്ടി പ്രയാസപ്പെട്ടു. തെരുവില്‍ ഹോമിക്കപ്പെടുന്ന ജന്മങ്ങള്‍ക്ക് സ്‌നേഹവും കാരുണ്യവും ജീവിതവും പകുത്തു നല്‍കിയ ബ്രദര്‍ ഈശോദാസ് അടക്കമുള്ള സ്‌നേഹാലയ നടത്തിപ്പുകാരെ ഇരുവരും ആശ്ലേഷിച്ച് സ്‌നേഹം പങ്കിട്ടു. ഏറ്റവും മികവുറ്റ പ്രഭാഷണപാടവം കൊണ്ട് രാജ്യാന്തര പ്രശസ്തി നേടിയ എ.എം നൗഷാദ് ബാഖവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ചിറയിന്‍കീഴില്‍ സ്‌നേഹസാഗരം എന്ന പേരില്‍ അനാഥ-അഗതി സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ജാതിമത ഭേദമന്യേ അമ്പതില്‍പ്പരം വൃദ്ധമാതാപിതാക്കള്‍ സ്‌നേഹസാഗരത്തിലുണ്ട്. മുസ്താഖ് അഹമ്മദ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌നേഹസാഗരത്തിന്റെ പ്രചരണാര്‍ഥം കാസര്‍കോട് ചെര്‍ക്കളയില്‍ രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നൗഷാദ് ബാഖവിയും സ്വാബിക്കലി തങ്ങളും ഇന്നലെ ഉച്ചയോടെ പാറപ്പള്ളി അമ്പലത്തറയിലുള്ള സ്‌നേഹാലയത്തിലെത്തിയത്.
സ്‌നേഹസാഗര ഫൗണ്ടേഷന്‍ സെക്രട്ടറി സഫീര്‍ മന്നാനി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ ആറങ്ങാടി, സലിം ഹദ്ദാദ്, അമീര്‍ മസ്താന്‍, മഹമൂദ് പൂച്ചക്കാട്, മുസ്തഫ തായന്നൂര്‍, ഷെരീഫ് പാലക്കി, കെ കെ സിറാജ്, സാലിഹ് മുട്ടുന്തല, എല്‍ കെ ബഷീര്‍ ബളാല്‍, ഹസന്‍ പാറപ്പള്ളി തുടങ്ങിയവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."