സ്‌കൂളിന്റെ തൂണിടിഞ്ഞു വീണു മരിച്ച നിഷാന്തിന് കണ്ണീര്‍ വിട
കൊട്ടിയം: മുഖത്തലയില്‍ ഗ്രാമോദ്ധാരണ ട്രസ്റ്റ് എച്ച്.എസിലെ തൂണിടിഞ്ഞു വീണ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി നിഷാന്തിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഗള്‍ഫിലായിരുന്ന പിതാവ് രവീന്ദ്രന്‍ ഇന്നലെ രാവിലെ വീട്ടിലെത്തിയ ശേഷം 12 ഓടെയാണ് സംസ്‌കാരചടങ്ങ് നടന്നത്.
രാവിലെ എം.ജി.റ്റി.എച്ച്.എസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിന് പേരാണ് അന്ത്യഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഗള്‍ഫില്‍ പെയിന്റിങ് തൊഴിലാളിയാണ് രവീന്ദ്രന്‍. രേഷ്മയാണ് മരിച്ച നിഷാന്തിന്റെ ഏക സഹോദരി. വീട് നില്‍ക്കുന്ന ആകെയുള്ള മൂന്നുസെന്റ് സ്ഥലത്തെ ചെറിയ ഇടത്താണ് സംസ്‌കാരം നടന്നത്. സംഭവത്തില്‍ തൃക്കോവില്‍വട്ടം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ആദരസൂചകമായി ഹര്‍ത്താല്‍ ആചരിച്ചു. സ്‌കൂളുകളും കടകളും അടക്കം സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞുകിടന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. സ്‌കൂളില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നല്‍കുന്ന ഉച്ചഭക്ഷണത്തിനായി കൈ കഴുകാനായി പോകുമ്പോള്‍ സ്‌കൂളിലെ തൂണ് തകര്‍ന്ന് നിഷാന്തിന്റെ മേല്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ അയത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിഷാന്ത് മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊട്ടിയം പൊലിസ് കേസെടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഇക്കൊല്ലം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസ് നടത്തുകയായിരുന്നുവെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."