ജെ.ജെ ആക്ട് 2015: പതിയിരിക്കുന്ന അപകടങ്ങള്‍
ജെ.ജെ ആക്ട് 2015 രാജ്യത്തെ സംരക്ഷണവും പരിരക്ഷയും ആവശ്യമായ കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്. സംരക്ഷണവും പരിരക്ഷയും ആവശ്യമായ കുട്ടികള്‍ ആരൊക്കെയാണെന്ന് ജെ.ജെ ആക്ടിന്റെ വകുപ്പ് 2 ഉപവകുപ്പ് 13 ലും 14ലും വ്യക്തമാക്കുന്നുണ്ട്.
വകുപ്പ് 2(13) പ്രകാരം കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നവരോ കുറ്റം ചെയ്തവരോ ആയ കുട്ടികളാണ് ജെ.ജെ ആക്ടിന്റെ പരിധിയില്‍ വരുന്നത്. വകുപ്പ് 2(14) പ്രകാരം 12 ഇനം കുട്ടികളാണ് മേല്‍ ആക്ടിന് കീഴില്‍ വരുന്നത്. അവ താഴെ പറയും പ്രകാരമാണ്.
1. വീടോ താമസിക്കാന്‍ ഇടമോ ഇല്ലാത്തവരും വ്യക്തമായ ജീവിതമാര്‍ഗമില്ലാത്തവരും ആയ കുട്ടികള്‍.
2. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ബാലവേല ചെയ്യുന്നവരോ യാചന നടത്തുന്നതായി കണ്ടെത്തപ്പെട്ടവരോ തെരുവില്‍ താമസിക്കുന്നവരോ ആയ കുട്ടികള്‍.
3. (എ) കുട്ടികളെ പരിക്കേല്‍പിച്ചവരുടെയോ ചൂഷണം ചെയ്തവരുടെയോ ദുരുപയോഗം ചെയ്തവരുടെയോ അവഗണിച്ചവരുടെയോ ബാലനീതി നിയമം ലംഘിച്ചവരുടെയോ കൂടെ താമസിക്കുന്ന കുട്ടികള്‍.
(ബി) കുട്ടികളെ കൊല്ലുമെന്നോ മുറിവേല്‍പ്പിക്കുമെന്നോ ചൂഷണം ചെയ്യുമെന്നോ ദുരുപയോഗം ചെയ്യുമെന്നോ ഭീഷണിപ്പെടുത്തിയവരും ഭീഷണി നടപ്പിലാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തപ്പെട്ടവരുമായ വ്യക്തികളുടെ കൂടെ താമസിക്കുന്ന കുട്ടികള്‍.
(സി) കുട്ടികളെ കൊന്നവരോ ദുരുപയോഗം ചെയ്തവരോ അവഗണിച്ചവരോ ചൂഷണം ചെയ്തവരോ ആയവരും ഭാവിയില്‍ കുട്ടികളെ അങ്ങനെ ചെയ്യാന്‍ സാധ്യതയുള്ളവരുമായ വ്യക്തികളുടെ കൂടെ താമസിക്കുന്ന കുട്ടികള്‍.
4. മാതാപിതാക്കളോ രക്ഷിതാക്കളോ പരിചരിക്കാനോ സഹായിക്കാനോ ഇല്ലാത്ത മാനസിക രോഗികളോ ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ളവരോ മാരകരോഗങ്ങളോ ചികിത്സിക്കാന്‍ പറ്റാത്തതോ ആയ രോഗങ്ങള്‍ ബാധിച്ചവരോ ആയ കുട്ടികള്‍, അല്ലെങ്കില്‍ അത്തരം കുട്ടികളെ സംരക്ഷിക്കാന്‍ കഴിവില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോ കണ്ടെത്തിയിട്ടുള്ള രക്ഷിതാക്കളുടെ കുട്ടികള്‍.
5. കുട്ടികളെ പരിരക്ഷിക്കാനും അവരുടെ സുരക്ഷിതത്വവും ക്ഷേമവും സംരക്ഷിക്കാനും കഴിവോ ക്ഷമതയോ ഇല്ലാത്തവരാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ള മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ കൂടെ താമസിക്കുന്ന കുട്ടികള്‍.
6. സംരക്ഷിക്കാന്‍ മാതാപിതാക്കളും രക്ഷിതാക്കളും ഇല്ലാത്തവരോ, മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരോ മറ്റാരെങ്കിലും ദത്തെടുക്കുന്നതിന് വേണ്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ മാതാപിതാക്കള്‍ ഏല്‍പിച്ചതോ ആയ കുട്ടികള്‍.
7. കാണാതായവരോ ഓടിപ്പോയവരോ ആയവരും മാതാപിതാക്കള്‍ക്ക് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷവും കണ്ടെത്താന്‍ കഴിയാതിരുന്നവരുമായ കുട്ടികള്‍.
8. ലൈംഗിക ചൂഷണത്തിനോ നിയമവിരുദ്ധ കൃത്യങ്ങള്‍ക്കോ വേണ്ടി ദുരുപയോഗമോ പീഡനമോ ചൂഷണമോ ചെയ്യപ്പെട്ടവരോ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നവരോ, ഭാവിയില്‍ ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരോ ആയ കുട്ടികള്‍.
9. സുരക്ഷ ഇല്ലാതെയും കേടു പറ്റാവുന്ന രീതിയിലും കാണപ്പെട്ടവരും ലഹരിയുടെ ദുരുപയോഗത്തിലേക്കോ വിതരണത്തിലേക്കോ വില്‍പനയിലേക്കോ പ്രലോഭിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളവരുമായ കുട്ടികള്‍.
10. മനഃസാക്ഷിക്ക് വിരുദ്ധമായി ദുരുപയോഗം ചെയ്യപ്പെടുന്നവരോ ചെയ്യപ്പെടാന്‍ സാധ്യതയുള്ളവരോ ആയ കുട്ടികള്‍.
11. സായുധ സംഘര്‍ഷത്തിന്റെയോ സാമൂഹിക അശാന്തിയുടെയോ പ്രകൃതി ദുരന്തത്തിന്റെയോ ഇരകളോ ബാധിതരോ ആയ കുട്ടികള്‍.
12. വിവാഹപ്രായമെത്തുന്നതിന്ന് മുമ്പ് മാതാപിതാക്കളുടെയോ കുടുംബക്കാരുടെയോ രക്ഷിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ഉത്തരവാദിത്തത്തില്‍ വിവാഹകര്‍മാനുഷ്ഠാനത്തിന് നിര്‍ബന്ധിക്കപ്പെടുന്ന കുട്ടികള്‍.
മുകളില്‍ പറഞ്ഞ വിഭാഗം കുട്ടികളാരും തന്നെ യതീം ഖാനയില്‍ താമസിച്ചു പഠിക്കുന്നില്ല. യതീംഖാനയിലെ കുട്ടികള്‍ സ്ഥാപനത്തില്‍ വരുന്നത് വീടില്ലാത്തതിനാലോ ഭക്ഷണമില്ലാത്തതിനാലോ വസ്ത്രമില്ലാത്തതിനാലോ സംരക്ഷിക്കാന്‍ രക്ഷിതാക്കളില്ലാത്തതിനാലോ അല്ല. മറിച്ച് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. അവരാരും തന്നെ കുറ്റവാളികളല്ലതാനും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി താമസിച്ചു പഠിക്കുന്നവര്‍ക്ക് ജെ.ജെ ആക്ട് യാതൊരു കാരണവശാലും ബാധകമാക്കേണ്ടതില്ല എന്ന് 2015 നവംബര്‍ 17ന് കേന്ദ്ര ശിശു വികസന മന്ത്രാലയം സെക്രട്ടറി വി. സോമസുന്ദരന്‍, ഡി.ഒ 22-52015 സി.ഡബ്ലു.2 എന്ന റഫറന്‍സ് നമ്പര്‍ ഉത്തരവിലെ പാരഗ്രാഫ് മൂന്ന്(എ)യില്‍ വ്യക്തമാക്കുന്നുണ്ട്. ജെ.ജെ ആക്ട് വ്യകതമായി പരിശോധിച്ചാല്‍ വിദ്യാഭ്യാസ ആവശ്യത്തിനുവേണ്ടി സ്ഥാപനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് വ്യക്തമാവുന്നതാണ്.
ജെ.ജെ ആക്ട് വകുപ്പ് 32ല്‍ ജെ.ജെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നതും വകുപ്പ് 33 പ്രകാരം അങ്ങനെ ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കിയിരിക്കുന്നതും വകുപ്പ് 34 പ്രകാരം അത്തരം സ്ഥാപന ഭാരവാഹികള്‍ക്ക് ആറുമാസം തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ കുറ്റമാക്കിയിരിക്കുന്നതും സ്ഥാപന ഭാരവാഹികളും രക്ഷിതാക്കളും ഗൗരവത്തോടെ മനസ്സിലാക്കേണ്ടതാണ്. ജെ.ജെ സ്ഥാപനത്തിലെ കുട്ടിയുടെ വിവരങ്ങള്‍ വകുപ്പ് 32 പ്രകാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറിയാല്‍ അവര്‍ ചെയ്യുന്ന നടപടി ക്രമങ്ങള്‍ എന്തെന്നറിയുന്നത് ജെ.ജെ ആക്ടിന്റെ അപകടകരമായ വശങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും.
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ മുമ്പാകെ ജെ.ജെ സ്ഥാപനത്തിലെ കുട്ടിയുടെ വിവരങ്ങളെത്തിയാല്‍ ജെ.ജെ ആക്ട് വകുപ്പ് 38(1) പ്രകാരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ കുട്ടിയുടെ രക്ഷിതാവിനെ കുറിച്ച് അന്വേഷണം നടത്തുകയും അന്വേഷണം പൂര്‍ത്തീകരിച്ചതിന് ശേഷം പ്രസ്തുത കുട്ടിയെ ദത്ത് കൊടുക്കാവുന്ന കുട്ടിയായി പ്രഖ്യാപിക്കേണ്ടതും നിര്‍ബന്ധമാണ്. 2 വയസ്സിനു താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ കുട്ടിയെ ജെ.ജെ സ്ഥാപനത്തില്‍ ചേര്‍ത്തിയതിന് 2 മാസത്തിനുള്ളിലും കുട്ടിക്ക് 2 വയസ്സിനു മുകളിലാണ് പ്രായമെങ്കില്‍ 4 മാസത്തിനുള്ളിലും കുട്ടിയെ ആര്‍ക്കും ദത്തെടുക്കാവുന്ന കുട്ടിയായി പ്രഖ്യാപിക്കാനുള്ള ബാധ്യത ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുണ്ട്. മാത്രമല്ല ജെ.ജെ സ്ഥാപനത്തിലെ കുട്ടികളെ ആര്‍ക്കും ദത്തെടുക്കാവുന്ന കുട്ടിയായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ജെ.ജെ സ്ഥാപനത്തിലെ ഭാരവാഹികള്‍ക്കും വകുപ്പ് 66(1) നിര്‍ബന്ധമാക്കുന്നുണ്ട്.
വകുപ്പ് 66(2) പ്രകാരം സര്‍ക്കാര്‍ ദത്തു കൊടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് കുട്ടികളുടെ വിവരങ്ങള്‍ കൈമാറേണ്ട ബാധ്യത ജെ.ജെ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. വകുപ്പ് 66(3) പ്രകാരം ഏതെങ്കിലും ജെ.ജെ സ്ഥാപനം കുട്ടികളുടെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ ദത്തു കേന്ദ്രങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ കൈമാറാതിരുന്നാല്‍ കുട്ടി ഒന്നിന് അമ്പതിനായിരം രൂപ പിഴയും മറ്റു ശിക്ഷകളും സ്ഥാപനങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെടുന്നതാണ്. അഡോപ്ഷന്‍ റഗുലേഷന്‍സ് 2017 വകുപ്പ് 36 പ്രകാരം കുട്ടിയുടെ നിലവിലുള്ള ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും 5 ദിവസത്തിനുള്ളില്‍ കുട്ടിയുടെ പേരും കുട്ടിയുടെ പിതാവിന്റെയും മാതാവിന്റെയും പേരും സ്ഥലവും മാറ്റി ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ആവശ്യപ്പെടുന്നതിനനുസരിച്ച് പുതിയ വിവരങ്ങള്‍ ചേര്‍ത്ത് മറ്റൊരു ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അധികാരവും നല്‍കുന്നുണ്ട്. ജെ.ജെ സ്ഥാപനത്തില്‍ കുട്ടിയെ ചേര്‍ത്തിയാല്‍ കുട്ടി അന്യരുടേതായി മാറിയേക്കാം എന്ന് ചുരുക്കം. ജെ .ജെ ആക്ട് 2015ന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ ചേര്‍ക്കുന്ന കുട്ടിയെ മേല്‍ പറഞ്ഞ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജെ.ജെ സ്ഥാപന ഭാരവാഹികളെയോ രക്ഷിതാക്കളെയോ അറിയിക്കുകയോ രക്ഷിതാക്കളുടെ യാതൊരു വിധ അനുമതിയോ വേണ്ട എന്നതാണ് ഇതിലെ ഏറ്റവും ദയനീയമായ വസ്തുത.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."