എല്‍.ഡി ക്ലര്‍ക്ക് പുതിയ റാങ്ക് ലിസ്റ്റ് രണ്ടിന്
തിരുവനന്തപുരം: എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റ് ഏപ്രില്‍ രണ്ടിന് നിലവില്‍ വരുമെന്ന് പി.എസ്.സി ചെയര്‍മാന്‍. ഈമാസം 30നാണ് പഴയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 31ന് അര്‍ധരാത്രിവരെ ലിസ്റ്റിന് പ്രാബല്യമുണ്ടാകും. ഏപ്രില്‍ ഒന്ന് അവധിയായതിനാല്‍ രണ്ടിനു മാത്രമേ പുതിയ ലിസ്റ്റ് നിലവില്‍വരൂ. കാലാകാലങ്ങളിലുള്ള എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ ലഭിക്കാനുള്ള അവസരമുണ്ടാക്കുകയാണ് പി.എസ്.സിയുടെ കടമയെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ചട്ടങ്ങള്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസിലേക്കുള്ള നോട്ടിഫിക്കേഷന്‍ രണ്ടുമാസത്തിനുള്ളില്‍ ഉണ്ടാകും. ഐ.എ.എസ് മാതൃകയിലായിരിക്കും പരീക്ഷ. രണ്ട് ഘട്ടങ്ങളിലെ പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.
അപേക്ഷിച്ചതിനു ശേഷം പരീക്ഷാ തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പരീക്ഷക്ക് തയാറാണോയെന്ന് ഉദ്യോഗാര്‍ഥി അറിയിക്കണമെന്ന നിബന്ധന കൊണ്ടുവരാന്‍ പി.എസ്.സി ആലോചിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥി തന്റെ താല്‍പര്യം ഓണ്‍ലൈനിലൂടെ അറിയിക്കാന്‍ നിശ്ചിത ദിവസത്തെ സമയം നല്‍കും. അതിനുള്ളില്‍ അറിയിക്കുന്നവര്‍ക്ക് പരീക്ഷാ ദിവസം വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷക്ക് സന്നദ്ധത അറിയിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി പരീക്ഷാ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും മറ്റ് ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമാണ് ഇതിലൂടെ പി.എസ്.സി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
നേരത്തെ, അപേക്ഷിച്ച ശേഷം പരീക്ഷ എഴുതാത്തവര്‍ക്ക് പിഴ ചുമത്തുന്ന കാര്യം പി.എസ്.സി ആലോചിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് കമ്മിഷന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."