വനിതാ കമ്മീഷന്‍ അദാലത്തില്‍ 28 പരാതികള്‍ പരിഹരിച്ചു
കോട്ടയം : വനിത കമ്മീഷന്‍ അദാലത്ത് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ആകെ 92 പരാതികള്‍ പരിഗണിച്ചു. 28 പരാതികള്‍ പരിഹരിച്ചു. 16 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. അടുത്ത അദാലത്തില്‍ 48 പരാതികള്‍ വീണ്ടും പരിഗണിക്കും. കമ്മീഷന്‍ മെമ്പര്‍ ഇ.എം.രാധ അദാലത്തിന് നേതൃത്വം നല്‍കി.
സ്വത്തുതര്‍ക്കം, വഴിത്തര്‍ക്കം പോലുളള കേസുകള്‍ കമ്മീഷന് മുന്‍പിലെത്തുന്നത് കൂടി വരുന്നതായി കമ്മീഷനംഗം ഇ.എം.രാധ പറഞ്ഞു. ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്നും ഇതിലൂടെ ഇത്തരം കേസുകള്‍ കുറയ്ക്കാനാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏപ്രിലോടു കൂടി കുടുംബശ്രീയുടെയും ബാലാവകാശകമ്മീഷന്റെയും സഹകരണത്തോടെ വനിതാ കമ്മീഷന്റെ നിരീക്ഷണത്തില്‍ ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനം.
ജില്ലയില്‍ നടത്തിയ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് വിജയകരമായിരുന്നുവെന്നും വിവാഹാനന്തര കൗണ്‍സിലിംഗും കമ്മീഷന്റെ പരിഗണനയില്‍ സജീവമായുണ്ടെന്നും ഇതിനായുളള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നതായും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ സൈബര്‍ ചതിക്കുഴികളില്‍ പെടുന്ന കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ സൈബര്‍ വിഷയങ്ങളില്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍ക്ക് മെയ് മാസത്തോടെ തുടക്കമിടുമെന്നും അവര്‍ പറഞ്ഞു.ജില്ലയില്‍ ഇപ്പോള്‍ കൂടുതലായി ലഭിക്കുന്ന പരാതികള്‍ സ്വത്ത് വഴി തര്‍ക്കങ്ങളുടേതാണെന്ന് ഇ.എം.രാധ പറഞ്ഞു. വിദ്യാസമ്പന്നയും സാമ്പത്തികമായി നല്ല നിലയില്‍ ജീവിക്കുന്നതുമായ ഏറ്റുമാനൂര്‍ സ്വദേശിനിയുടെ പ്രശ്‌നം ബന്ധുക്കളുമായുളള മാനസിക പ്രശ്‌നങ്ങള്‍ മൂലം പിതാവിനും കുടുംബത്തിനും എതിരെ പരാതി നല്‍കേണ്ട അവസ്ഥയെത്തി എന്നതായിരുന്നു.
മാനസികരോഗിയായ ഭര്‍ത്താവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കൂടിയായപ്പോള്‍ ആത്മഹത്യയുടെ വക്കിലെത്തിയ ഇവര്‍ക്ക് കൗണ്‍സിലിംഗിനുളള സാഹചര്യമൊരുക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
ഗാര്‍ഹിക പീഡനം നേരിടുമ്പോഴും വിവാഹ ബന്ധം ഒഴിയാനോ ഭര്‍ത്താവിനെതിരെ പരാതി കൊടുക്കാനോ യുവതി തയ്യാറല്ലെന്നും ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ പരാതികള്‍ കൂടി വരുന്നതായും കേസ് പരാമര്‍ശിച്ചുകൊണ്ട് ഇ. എം. രാധ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലുളള സ്ഥലം പഞ്ചായത്ത് അനധികൃതമായി പൊതുവഴിക്കായി ഏറ്റെടുത്തു എന്ന പരാതിയുമായാണ് കുമരകം സ്വദേശിനിയായ ഡോക്ടറെത്തിയത്. രേഖാമൂലം ആവശ്യപ്പെടാതെ സ്ഥലം ഏറ്റെടുത്തിട്ടും പോലീസ് റിപ്പോര്‍ട്ട് പരാതിക്കാരിക്ക് എതിരായ സാഹചര്യത്തിലാണ് കമ്മീഷനെ സമീപിച്ചത്.
വിഷയത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. എംപ്ലോയ്‌മെന്റ് വഴി തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ താല്‍ക്കാലിക നിയമനം ലഭിച്ച ഈരാറ്റുപേട്ട സ്വദേശിനിക്ക് തന്റെ നിയമനം സ്ഥിരപ്പെടുത്തി തന്നിരുന്നുവെന്നും പിന്നീട് പിരിച്ചുവിട്ടുവെന്നുമായിരുന്നു പരാതി. വീണ്ടും നിയമിക്കുവാന്‍ കമ്മീഷന്‍ ഇടപെടണമെന്ന പരാതിക്കാരിയുടെ ആവശ്യത്തില്‍ നിജസ്ഥിതി അറിയാന്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കമ്മീഷന്‍ ഡയറക്ടര്‍ വി.യു.കുര്യാക്കോസ്, അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി ജി സേതുലക്ഷ്മി, എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. കമ്മീഷന്റെ അടുത്ത അദാലത്ത് ഏപ്രില്‍ ആദ്യവാരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."