കുടിനീരില്ലാതെ കാടിന്റെ മക്കള്‍
അരീക്കോട്: ആദിവാസി കോളനിയിലെ ഇവര്‍ പ്രാര്‍ഥിക്കുകയാണ്, ഒരിറ്റ് ദാഹജലം നുണയാന്‍ ഒരു ഗ്ലാസ് വെള്ളവുമായിട്ടെങ്കിലും ആരെങ്കിലും കാട് കയറി വരണേയെന്ന്. ഇന്ന് ലോക ജലദിനമായി ആചരിക്കുമ്പോള്‍ ഊര്‍ങ്ങാട്ടീരി ഗ്രാമ പഞ്ചായത്തിലെ കുരീരി, നെല്ലിയായി, ഓടേരിവെളളം, വാരിക്കല്‍, കൂട്ടപ്പറമ്പ്, മാങ്കുളം തുടങ്ങിയ പത്തോളം കോളനികളിലായി നാന്നൂറോളം കുടുംബങ്ങള്‍ കുടിവെള്ളം പോലുമില്ലാതെ പ്രയാസം അനുഭവിക്കുകയാണ്.
'മനസറിഞ്ഞ് വെള്ളം കുടിച്ചിട്ട് ഒരു മാസമായി ചേറ് നിറഞ്ഞ നീര് കുടിച്ചാ മരിക്കാതെ കെടക്ക്ണത്' ആദിവാസി കുടുംബങ്ങളില്‍ നിന്നുയരുന്ന രോദനമാണിത്. മഴക്കാലത്ത് ചെറിയ മാളത്തിലൂടെ കാട്ടില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം കുടിക്കുന്ന ഇവര്‍ക്ക് വേനല്‍ കടുക്കുന്നതോടെ ദാഹം സഹിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ല.
ഏകാശ്രയമായ കൂളിമട, മാതംകൊല്ലി, പുക്കൂളന്‍ മൂച്ചികുഴി എന്നിവിടങ്ങളിലെ നീരൊഴുക്ക് വറ്റിത്തുടങ്ങിയതോടെ കാടിന്റെ മക്കള്‍ കുടിനീരിനായി അധികാരികളോട് കേഴുകയാണ്.
വെള്ളം ലഭിക്കുന്ന മാളത്തിനടുത്ത് എത്തണമെങ്കില്‍ കാടിന്റെ മുകള്‍ഭാഗത്തുള്ളവര്‍ക്ക് ചുരുങ്ങിയത് രണ്ട് കിലോമീറ്റര്‍ ദൂരമെങ്കിലും നടക്കണം. രാത്രി 11 വരെ കാത്തിരുന്നാല്‍ കിട്ടുന്നത് രണ്ട് കുടം വെള്ളം മാത്രം. രണ്ട് മാസമായി കാട്ടില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ വരവ് നിലച്ചിട്ട്. നൂറ്റി ഇരുപതോളം കുട്ടികളാണ് കോളനിയില്‍ നിന്ന് സ്‌കൂളില്‍ പോകുന്നത്. ഇവരുടെ പ്രാഥമികാവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥയാണ്.
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓടക്കല്‍ ഭാഗത്തും വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നെല്ലിയായി മുണ്ടക്കല്‍ ഭാഗത്തും ഓരോ കുളങ്ങള്‍ നിര്‍മിച്ചെങ്കിലും ഒരു തുള്ളി വെള്ളം പോലും ഇതില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് ആദിവാസികള്‍ പറയുന്നു.
രണ്ട് കുളങ്ങളില്‍ നിന്നും പൈപ്പ് മാര്‍ഗം വെള്ളമെത്തിക്കുകയായിരുന്നു പദ്ധതിയെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങുകയായിരുന്നു. ഓരോ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഞങ്ങളെ തേടി കാട് കയറുന്ന രാഷ്ട്രീയക്കാര്‍ വാഗ്ദാനങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്ന് കാടിന്റെ മക്കള്‍ വിലപിക്കുന്നു.
വാഹനങ്ങളില്‍ വെള്ളമെത്തിക്കാമെന്ന് പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും പറയാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇത് വരെ ഇവരെ തേടി ഒരു തുള്ളിവെള്ളം പോലും കാട് കയറിയിട്ടില്ല. രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി കോളനി നിവാസികള്‍ ഇന്ന് ജില്ലാ കലക്ടര്‍ അമിത് മീണയെ കാണാനിരിക്കുകയാണ്. ജലം ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് മാതൃക കൂടിയാണ് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."