തിരൂര്‍ എസ്.എസ്.എം പോളിയില്‍ വീണ്ടും എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം
തിരൂര്‍: എസ്.എസ്.എം പോളിടെക്നിക് കോളജിലെ എസ്.എഫ്.ഐ- എം.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഘര്‍ഷം. പോളിടെക്നിക് കോളജിന് മുന്നില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കളും എം.എസ്.എഫ് നേതാക്കളും രാത്രിയോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എം.എസ്.എഫ് മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ പോളിയിലെ എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ ഡിവൈ.എഫ്.ഐ നേതാക്കളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നുവെന്ന് എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.
അതേസമയം ലീഗ് - യൂത്ത് ലീഗ് നേതാക്കളുടെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നുവെന്ന് ഏരിയാ സെക്രട്ടറി മനേഷ് ആരോപിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അഞ്ച് എസ്.എഫ്.ഐക്കാരും എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറി എന്നിവരടക്കം 10 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ ആര്‍ക്കും കാര്യമായ പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജില്‍ കഴിഞ്ഞ രണ്ടുദിവസമായി വാട്ട്സ് വഴി പ്രചരിക്കുന്ന രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നാണ് പൊലിസ് ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."