അധ്യയന വര്‍ഷം ആരംഭിച്ചിട്ടും അരിയെത്തിയില്ല; ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്
കൊടുങ്ങല്ലൂര്‍: അധ്യയന വര്‍ഷമാരംഭിച്ചിട്ടും അരിയെത്തിയില്ല. വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി അധ്യയന വര്‍ഷം ആരംഭിച്ചിട്ടും വഴിമുട്ടി നില്‍ക്കുകയാണ്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനാവശ്യമായ അരി സപ്ലൈകോ ഇനിയും വിതരണം ചെയ്തിട്ടില്ല. എല്ലാ വിദ്യാലയങ്ങളും തങ്ങള്‍ക്കാവശ്യമായ അരിയുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ സപ്ലൈകോ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തുറന്നിട്ടും ആവശ്യമായ അരി എത്തിയിട്ടില്ലെന്നാണ് സപ്ലൈകോ അധികൃതര്‍ പറയുന്നത്.
ആവശ്യത്തിന് അരി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ചില വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ വിതരണം തടസ്സപ്പെട്ട് അവസ്ഥയിലാണ്. മറ്റു ചില വിദ്യാലയങ്ങള്‍ പുറമെ നിന്ന് അരി വാങ്ങിയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ വിതരണ ഉദ്ഘാടനവും നടക്കേണ്ടതായിരുന്നു.
എന്നാല്‍ അരി ലഭിക്കാത്ത അവസ്ഥയില്‍ കുട്ടികള്‍ക്ക് ഉച്ചയൂണ് വിളമ്പാന്‍ മാറ്റ് മാര്‍ഗങ്ങള്‍ തേടിയലയുകയാണ് അധ്യാപകരും പി.ടി.എ ഭാരവാഹികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."