കോര്‍പറേഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിച്ചു
കൊല്ലം: 572,24,32,055 രൂപ വരവും 543,68,90,063 രൂപ ചെലവും 28,55,41,992 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2018-19 സാമ്പത്തികവര്‍ഷത്തെ കൊല്ലം കോര്‍പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അവതരിപ്പിച്ചു.
കൊല്ലം നഗരസഭയുടെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നഗരവികസനം സംബന്ധിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന അന്തരിച്ച ഡോ. ബി.എ. രാജാകൃഷ്ണന്റെ പേര് ഓര്‍മിക്കാതിരിക്കാനാവില്ലെന്ന മുഖവുരയോടെയായിരുന്നു ബജറ്റ് അവതരണം.
അടിസ്ഥാന സൗകര്യ വികസനത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിലും കൗണ്‍സിലിനുള്ള പ്രതിബദ്ധതക്ക് മകുടോ ഉദാഹരണങ്ങളാണ് മെച്ചപ്പെട്ട റോഡുകളും ബസ് ഷെട്ടറുകളും പകല്‍വീടും ബഡ്‌സ് സ്‌കൂളുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതുമൂലം കോര്‍പറേഷന് തനതു വരുമാനമാര്‍ഗങ്ങളായ വിനോദനികുതി, പരസ്യനികുതി തുടങ്ങിയവ നഷ്ടമായി. അടുത്ത വര്‍ഷത്തേക്കുള്ള ജനറര്‍ പര്‍പ്പസ് ഗ്രാന്റ് വിഹിതത്തില്‍ ഒന്‍പതു കോടിയോളം രൂപ കുറവുവന്നു. ഇതുമൂലം തനതു വരുമാനത്തില്‍ ആകെ 14 കോടിയോളം രൂപയുടെ കുറവ് ഉണ്ടാകുമെന്നു കരുതുന്നു.
വരുമാനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനത്തിനോ അടിസ്ഥാന സൗകര്യ വികസനത്തിനോ ഉള്ള ചെലവു കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. വരുമാനത്തിലെ കുറവു പരിഹരിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ടാക്‌സ് റിവിഷന്‍ ആറുമാസത്തിനുള്ളില്‍ നടപ്പാക്കും.
ഇതോടൊപ്പം ഏഴരകോടിയോളം രൂപ ചെലവഴിച്ചു പോളയത്തോട് നിര്‍മിച്ചിട്ടുളള ഷോപ്പിങ് കോപ്ലക്‌സില്‍ നിന്ന് അടുത്ത സാമ്പത്തികവര്‍ഷം അധികവരുമാനം പ്രതീക്ഷിക്കുന്നു.
നഗരത്തിലെ ജനങ്ങളുടെ യാത്രാക്ലേശം മനസിലാക്കി ചിന്നക്കട ബസ് ഷെട്ടര്‍ നവീകരിക്കാനും വിപുലപ്പെടുത്താനും കഴിഞ്ഞു.
ഹെഡ് പോസ്റ്റോഫിസിന് സമീപമുളള ബസ് ഷെട്ടറിന്റെ പണി 90 ശതമാനത്തോളം പൂര്‍ത്തീകരിച്ചു.
ചേരിവികസനവുമായി ബന്ധപ്പെട്ട് രാജിവ് ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി പൈലറ്റ് പ്രോജക്ടായ എസ്.എം.പി. പാലസ് കോളനിയിലെ ഫ്‌ളാറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു.
62 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. 48 യൂനിറ്റുകള്‍ അടങ്ങുന്ന ബഹുനിലകെട്ടിടം പൂര്‍ത്തിയാകുന്നു. 195 ഫ്‌ളാറ്റുകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ സഹകരണത്തോടെ വികേന്ദ്രീകൃത മാലിന്യസംസ്‌ക്കരണത്തിന്റെ ഭാഗമായി 1632 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകളും
578 പൈപ്പ് കമ്പോസ്റ്റുകളും സ്ഥാപിക്കാന്‍ കഴിഞ്ഞു.
നിലവിലുളള 3650 പൊതുടാപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കി 22000 ഉപഭോക്താക്കള്‍ക്ക് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വാട്ടര്‍കണക്ഷന്‍ നല്‍കും.14.9 കോടി രൂപയാണ് ഈ പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കുടിവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ പ്ലാന്റ് തുടങ്ങും.
പച്ചക്കറികൃഷിയില്‍ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞു. വിത്തും വളവും സബ്‌സിഡി നിരക്കില്‍ നല്‍കുകയും ഏറ്റവും നല്ലരീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകന് അവാര്‍ഡും ഏര്‍പ്പെടുത്തും. ജൈവകൃഷി, മട്ടുപ്പാവ് കൃഷി എന്നിവ പ്രോത്സാഹിപ്പിക്കും.
നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. പൊതുജനങ്ങളുടെ മൊബൈല്‍ നമ്പര്‍, വാട്‌സ് ആപ് നമ്പര്‍, ഇ മെയില്‍ ഐ.ഡി തുടങ്ങിയവ ശേഖരിച്ച് സിറ്റിസണ്‍ ഡേറ്റാബേസ് തയാറാക്കും. കോര്‍പറേഷന്‍ ഓഫിസ് പരിസരത്തു പൊതുജനങ്ങള്‍ക്കായി ഫ്രീ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തി.
ജനമരണ രജിസ്‌ട്രേഷനുകളുടെ ഭാഗമായി കുട്ടികളുടെ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ക്കും അടുത്തവര്‍ഷം മുതല്‍ ഇ ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഡെപ്യൂട്ടി മേയര്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."