ഹൂതി മിസൈല്‍ ആക്രമണം സഊദി തകര്‍ത്തു
ജിദ്ദ: സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ സഊദി വ്യോമ സേന തകര്‍ത്തു. അതേ സമയം മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാന നഗരിയെ അടക്കം ലക്ഷ്യമാക്കിയ ഏഴ് മിസൈലുകളും ആകാശത്ത് വച്ച് തകര്‍ത്തു. ഇതാദ്യമായാണ് ഹൂതികള്‍ സഊദിക്ക് നേരെ കൂട്ട മിസൈലാക്രമണം നടത്തുന്നത്.
ഞായറാഴ്ച്ച രാത്രി 11.30നാണ് ആക്രമണം. ഇതില്‍ മൂന്നെണ്ണവും തലസ്ഥാന നഗരിയായ റിയാദ് ലക്ഷ്യമാക്കിയായിരുന്നു. രണ്ടെണ്ണം യമന്‍ അതിര്‍ത്തി പങ്കിടുന്ന നഗരിയായ ജിസാന്‍ ലക്ഷ്യമാക്കിയും ഖമീസ് മുശൈത്, നജ്‌റാന്‍ ലക്ഷ്യമാക്കി ഓരോ മിസൈലുകളുമാണ് ഹൂതികള്‍ വിക്ഷേപിച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ പതിച്ചാണ് ഒരാള്‍ മരിച്ചതും രണ്ട് പേര്‍ക്ക് പരുക്കേറ്റതും.
ഈജിപ്ത് പൗരനാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ റിയാദില്‍ ആര്‍ക്കും പരുക്കില്ല. കാര്യമായ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകളാണ് മിസൈലുകള്‍ ലക്ഷ്യം വച്ചതെന്ന് സഊദി ഔദ്യോഗിക മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ നവംമ്പര്‍ മുതല്‍ അഞ്ച് തവണ ഹൂതികള്‍ സഊദിയിലേക്ക് മിസൈലയച്ചിട്ടുണ്ട്. യമനിലെ നിയമാനുസൃത ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത സായുധ സംഘമാണ് ഹൂതികള്‍. ആക്രമണത്തെ സഊദി ഭരണകൂടം അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."