ഹാദിയ കേസ് നടത്തിപ്പില്‍ സംഘ്പരിവാര്‍ സഹായമുണ്ടായിരുന്നതായി പിതാവ് അശോകന്‍
കോട്ടയം: മകള്‍ക്ക് വേണ്ടിയുള്ള കേസ് നടത്തിപ്പില്‍ സംഘ്പരിവാര്‍ സംഘടനകളുടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി ഹാദിയയുടെ പിതാവ് അശോകന്റെ വെളിപ്പെടുത്തല്‍. സുപ്രിംകോടതിയില്‍ അഭിഭാഷകരുടെ കമ്പനിയാണ് കേസ് നടത്തിയത്.
കേസ് നടത്തിപ്പിനാവശ്യമായ അഭിഭാഷകരെ സ്‌പോണ്‍സര്‍ ചെയ്തതും ഈ കമ്പനിയാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു. കമ്പനി ഏതെന്ന് ഇതുവരെ തിരക്കിയിട്ടില്ല. ഡല്‍ഹിയില്‍ നിന്നുള്ള മലയാളി അഭിഭാഷകന്‍ വൈക്കത്തെ വീട്ടിലെത്തി കേസ് നോക്കിക്കോളാമെന്നു പറഞ്ഞ് ഏറ്റെടുക്കുകയായിരുന്നു.
സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിനായി തനിക്ക് ഏഴുലക്ഷം രൂപയാണ് ചെലവായത്. പ്രധാനമായും അഭിഭാഷകന്റെ ഡല്‍ഹിയിലേക്കുള്ള യാത്രക്കും മറ്റുമുള്ള ചെലവുകളാണ് താന്‍ വഹിച്ചത്. ഇതിന് പുറമെ ഹൈക്കോടതിയിലും വലിയ തുക ചെലവായിട്ടുണ്ട്. മകള്‍ക്കുവേണ്ടിയായതിനാല്‍ കണക്ക് സൂക്ഷിച്ചിട്ടില്ല. തന്റെ കൈയില്‍ പണില്ലാതെ വന്നപ്പോള്‍ ബി.ജെ.പിയാണ് നല്‍കിയത്. ട്രെയിന്‍ ടിക്കറ്റ് ബുക്കുചെയ്തും അഭിഭാഷകന്റെ അക്കൗണ്ടിലേക്ക് പണമിട്ടുകൊടുത്തും ബി.ജെ.പിക്കാര്‍ സഹായിച്ചിരുന്നു.
ഹാദിയാ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെയും അശോകന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ഗതികെട്ട വെള്ളാപ്പള്ളിയുടെ സംഘടന വായ പൊളിച്ചു നില്‍ക്കുകയായിരുന്നുവെന്നും സമുദായത്തിന്റെ നേതാവായി നടക്കുന്ന വെള്ളാപ്പള്ളി ഒന്നും മിണ്ടിയില്ലെന്നും അശോകന്‍ കുറ്റപ്പെടുത്തി. തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായ സമയത്ത് ആര്‍.എസ്.എസിന്റെ ഒരുവിഭാഗം വൈക്കം യൂനിയനെ സമീപിച്ചപ്പോള്‍ 10,000 രൂപ നല്‍കി. എന്നാല്‍, സുപ്രിംകോടതിയില്‍ കേസ് നടത്താന്‍ 10,000 രൂപ കൊണ്ട് എന്തുചെയ്യാനാകും. സ്വത്തുക്കള്‍ ഏതെങ്കിലും ട്രസ്റ്റിന് എഴുതിവയ്ക്കാനാണ് പലരും തന്നോട് പറഞ്ഞത്. പക്ഷേ, മകള്‍ തിരിച്ചുവരുമെന്ന കണക്കുകൂട്ടലിലാണ് താന്‍. ഹിന്ദുവായി തിരിച്ചുവന്നെങ്കില്‍ മാത്രമേ അംഗീകരിക്കൂ. ഇനി കേസുമായി മുന്നോട്ടുപോവാനില്ല. എപ്പോഴും മകളെ ശല്യംചെയ്താല്‍ അവള്‍ക്ക് ചിന്തിക്കാനുള്ള സമയം കിട്ടില്ല. അച്ഛനെ വിട്ടുപോയത് ശരിയല്ലെന്ന് അവള്‍ക്ക് നാളെ ചിന്തിക്കാനുള്ള സമയം കൊടുക്കുകയാണ്. പത്രസമ്മേളനത്തില്‍ എഴുതിക്കൊടുക്കുന്നതാണ് അവള്‍ വായിക്കുന്നതെന്നും അശോകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."