മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ സിറ്റിങ്: ജില്ലയില്‍ 8.57 ലക്ഷം അനുവദിച്ചു
കാസര്‍കോട്: ജില്ലയില്‍ കടാശ്വാസം ശുപാര്‍ശ ചെയ്തിട്ടും തുക ലഭിച്ചില്ലെന്ന 25 പരാതികളില്‍ പണം അനുവദിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയതിനെതുടര്‍ന്ന് 8,57,978 രൂപ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അനുവദിച്ചു. കടാശ്വാസ തുക നല്‍കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ മൂന്നു അപേക്ഷകളില്‍ കടാശ്വാസം ലഭിക്കുന്നതുവരെ കാത്തിരിക്കാതെ വായ്പ തീര്‍പ്പാക്കി ആധാരമുള്‍പ്പെടെയുള്ള പ്രമാണങ്ങള്‍ നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജോയിന്റ് രജിസ്ട്രാറോട് കമ്മിഷന്‍ നിര്‍ദേശിച്ചു.
അജാനൂര്‍ അര്‍ബന്‍ സര്‍വിസ് സഹകരണ സംഘത്തിലെ ഒരു കേസ് കാലഹരണപ്പെട്ട വായ്പയായതിനാല്‍ തീര്‍പ്പാക്കാനും നിര്‍ദേശമുണ്ട്. ഹോസ്ദുര്‍ഗ് സഹകരണ ഗ്രാമ വികസന ബാങ്കിലെ ഒരു വായ്പ 75 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചടവു വന്നതിനാല്‍ വായ്പ കണക്കു തീര്‍പ്പാക്കും. നീലേശ്വരം ബ്ലോക്ക് സഹകരണ ഹൗസിങ് സൊസൈറ്റിയിലെ രണ്ടു വായ്പയ്ക്ക് കമ്മിഷന്‍ ശുപാര്‍ശ ചെയ്ത കടാശ്വാസ തുക കുറച്ചതിന്റെ കാരണം പരിശോധിച്ച് ശുപാര്‍ശ പ്രകാരമുള്ള തുക ലഭ്യമാക്കാന്‍ സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാറിനോട് നിര്‍ദേശിച്ചു.
കമ്മിഷന്‍ വിവിധ കാലഘട്ടങ്ങളിലായി ശുപാര്‍ശ ചെയ്ത ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെയും കടാശ്വാസം ലഭിക്കാത്തവര്‍ക്ക് അര്‍ഹതപ്പെട്ട ആശ്വാസ തുക രണ്ടുമാസത്തിനകം അനുവദിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കമ്മിഷന്‍ നല്‍കിയ ഉത്തരവ് പാലിക്കാതെ ഈട് പ്രമാണം തിരികെ കൊടുക്കാതിരുന്ന ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റി മാനേജരോട് ഉത്തരവ് രണ്ടാഴ്ചയ്ക്കകം പാലിക്കുവാനും കാലതാമസം വരുത്തിയതിനു രേഖാമൂലം വിശദീകരണം സമര്‍പ്പിക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കനറാ ബാങ്ക് പാലക്കുന്ന് ശാഖയില്‍ നിന്നു വായ്പയെടുത്ത മത്സ്യത്തൊഴിലാളിയുടെ കടാശ്വാസ തുക കൈപ്പറ്റിയിട്ടും ഈട് ആധാരം തിരികെ നല്‍കാതിരുന്ന ബ്രാഞ്ച് മാനേജരുടെ നടപടിയില്‍ കമ്മിഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. 15 ദിവസത്തിനകം മത്സ്യത്തൊഴിലാളിക്ക് ഈടാധാരം തിരികെ നല്‍കുവാനും നിര്‍ദേശിച്ചു. കടാശ്വാസം ഭാഗികമായി അനുവദിച്ച രണ്ടുകേസുകളില്‍ കടാശ്വാസം പൂര്‍ണമായി അനുവദിക്കുവാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. മൊറട്ടോറിയം നിലനില്‍ക്കെ മൂന്നു വായ്പക്കാരെ നിര്‍ബന്ധിപ്പിച്ച് കൂടുതല്‍ തുകയ്ക്കു വായ്പ പുതുക്കിവയ്പിച്ച ഹോസ്ദുര്‍ഗ് സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറിയോട് അടുത്ത സിറ്റിങില്‍ എല്ലാ അസല്‍ രേഖകളും ഹാജരാക്കുവാന്‍ നിര്‍ദേശിച്ചു.
കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കില്‍ വരവുവച്ചതിലുള്ള പരാതികള്‍, ശുപാര്‍ശ ചെയ്തിട്ടും കിട്ടാന്‍ കാലതാമസം വന്നതിലുള്ള പരാതികള്‍, കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്‍കാത്തതു സംബന്ധിച്ച പരാതികള്‍, അമിത പലിശ ഈടാക്കിയത്, വായ്പ പുതുക്കാന്‍ നിര്‍ബന്ധിച്ചതിനാല്‍ അര്‍ഹതപ്പെട്ട കടാശ്വാസം ലഭിക്കാതിരുന്നത് തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 50 പരാതികള്‍ സിറ്റിങില്‍ പരിഗണിച്ചു. ഇവയില്‍ 33 കേസുകള്‍ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. സംസ്ഥാനത്താകെ വിവിധ ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളുമായി നടത്തി അദാലത്തില്‍ 4, 5, 6 ലിസ്റ്റ് പ്രകാരം കടാശ്വാസത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയ 159 ഗുണഭോക്താക്കള്‍ക്ക് 1,21,10,669 രൂപ കടാശ്വാസം അനുവദിച്ചതായും കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അറിയിച്ചു.മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായി. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ കടാശ്വാസ കമ്മിഷന്‍ അംഗം കൂട്ടായി ബഷീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."