ആയിരക്കണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരമില്ല
കോഴിക്കോട്: സംസ്ഥാനത്തെ ആയിരക്കണക്കിന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമനാംഗീകാരം എങ്ങുമെത്തിയില്ല. അധ്യയന വര്‍ഷം തീരാറായിട്ടും ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. 2016ലും-2017ലും ജോലിയില്‍ പ്രവേശിച്ച അധ്യാപക, അനധ്യാപകരാണ് സര്‍ക്കാര്‍ ഉത്തരവ് കാത്ത് കഴിയുന്നത്.
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ നിരവധി അധിക അധ്യാപക തസ്തികയുമുണ്ടായി. എന്നാല്‍ കുട്ടികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കെ.ഇ.ആര്‍ ഭേദഗതിയാണ് നിയമനാംഗീകാരം നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭേദഗതി പ്രകാരം 1979 മെയ് 22ന് മുമ്പുള്ള സ്‌കൂളുകളില്‍ അധിക തസ്തിക 1:1 (ഒരു സംരക്ഷിത അധ്യാപകനെ നിയമിച്ചാല്‍ ഒരു അധ്യാപകനെ മാനേജര്‍ക്ക് നിയമിക്കാം) എന്ന അനുപാതത്തിലും റിട്ടയര്‍മെന്റ്, രാജി, മരണം, പ്രമോഷന്‍ എന്നീ തസ്തികകള്‍ക്ക് അംഗീകാരം എന്നതുമാണ് പറയുന്നത്. അതേസമയം 1979 മെയ് 22ന് ശേഷം നിലവില്‍ വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിലെ പ്രമോഷന്‍ ഒഴികെയുള്ള എല്ലാ ഒഴിവുകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 2016 ഡിസംബര്‍ മൂന്നാം തിയതി ഭേദഗതി ഉത്തരവിറക്കിയത് 2016 ജനുവരി 29മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്.
കെ.ഇ.ആര്‍ ഭേദഗതി ശരിവച്ച് കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കതിരേ മാനേജ്‌മെന്റുകള്‍ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് സ്റ്റേ സമ്പാദിക്കുകയും സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇവര്‍ക്ക് വേണ്ടി ഒരു ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം വൈകിക്കുന്നത്.
എന്നാല്‍ നാലായിരത്തോളം സംരക്ഷിത അധ്യാപകരില്‍ രണ്ടായിരത്തി ഇരുനൂറോളം പേര്‍ മാതൃസ്‌കൂളിലേക്കും മറ്റ് എയ്ഡഡ് സ്‌കൂളുകളിലേക്കുമായി പുനര്‍വിന്യസിക്കപ്പെട്ടവരാണെന്നാണ് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ പുനര്‍വിന്യസിക്കപ്പെട്ടവരില്‍ ബാക്കിയുള്ള ആയിരത്തെണ്ണൂറോളം സംരക്ഷിത അധ്യാപകരെ ഏറ്റെടുക്കാന്‍ മാനേജ്‌മെന്റുകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്താന്‍ തയാറാകണമെന്നും അധ്യാപക നിയമനക്കാര്യത്തില്‍ ഉടന്‍ ഉത്തരവിറക്കണമെന്നും എയ്ഡഡ് സ്‌കൂള്‍ നോണ്‍ അപ്രൂവ്ഡ് സ്റ്റാഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി ഏപ്രില്‍ 3, 4 തിയതികളില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ രാപകല്‍ സമരം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമായ പൊന്നുമണി, അരുണ്‍, ബിബിന്‍ കൃഷ്ണ, ശ്രീജിത്ത്, അശ്വിന്‍ ഷെരിത്ത്, നസീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."