എസ്.സി, എസ്.ടി ആക്ട്; സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍
ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമമനുസരിച്ചുള്ള അടിയന്തര അറസ്റ്റില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെതിരേ പുനഃപരിശോധനാ ഹരജി നല്‍കാതിരുന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ ബി.ജെ.പിയിലെ ദലിത് നേതാക്കള്‍ക്ക് കടുത്ത അമര്‍ഷം. വിഷയത്തില്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടി എം.പിയും ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നതിനു പിന്നാലെ പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പിയും പാര്‍ട്ടിയിലെ ദലിത് മുഖങ്ങളിലൊരാളുമായ സാവിത്രി ഫൂലേ ശക്തമായ വാക്കുകളുപയോഗിച്ച് പ്രധാനമന്ത്രിക്കു കത്തെഴുതിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ഭാരതീയ സംവിധാന്‍ ഭച്ചാവോ (ഭരണഘടന സംരക്ഷിക്കുക) എന്ന മുദ്രാവാക്യവുമായി ഞായറാഴ്ച ദലിതുകളുടെ മാര്‍ച്ചിന് സാവിത്രി ആഹ്വാനംചെയ്യുകയുമുണ്ടായി.ഇപ്പോഴത്തെ സര്‍ക്കാരിനു കീഴില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്ന് സാവിത്രി ഫൂലെ പറഞ്ഞു. സംവരണത്തെ അനുകൂലിക്കുന്ന എല്ലാ വിഭാഗക്കാരെയും, അവരുടെ രാഷ്ട്രീയ നിറം നോക്കാതെ അണിനിരത്തും. പാര്‍ലമെന്റിലും തെരുവിലും ഒരുപോലെ സംവരണ വിഷയം ഉന്നയിക്കും. ചിലപ്പോള്‍ സര്‍ക്കാര്‍ പറയും തങ്ങള്‍ ഭരണഘടന ഭേദഗതിചെയ്യാന്‍ പോവുകയാണെന്ന്. ചിലപ്പോള്‍ സംവരണം നിര്‍ത്തുമെന്നും പറയുന്നു.
അംബേദ്കര്‍ എഴുതിയ ഭരണഘടന അത്ര സുരക്ഷിതമല്ല ഇപ്പോഴെന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും നിരവധി സംവരണ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സംവരണം ഇല്ലായിരുന്നുവെങ്കില്‍ ഞാനടക്കമുള്ളവര്‍ പാര്‍ലമെന്റില്‍ എത്തുമായിരുന്നില്ല. പിന്നാക്ക വിഭാഗക്കാരില്‍ നിന്ന് ഇപ്പോഴത്തേതു പോലെ ഡോക്ടര്‍മാര്‍ ഉണ്ടാവില്ല. പ്രസിഡന്റ് പോലും ഉണ്ടാവുമായിരുന്നില്ല. സംവരണം നിലനിര്‍ത്താനായി ഏതറ്റംവരെയും പോരാടുമെന്നും സാവിത്രി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കാത്തതില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ) നേതാവും കേന്ദ്രസഹമന്ത്രിയുമായ രാംദാസ് അത്താവ്‌ലെ അതൃപ്തി അറിയിച്ചു. ഇക്കാര്യം കത്തിലൂടെ അദ്ദേഹം പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു.എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാനും ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുണ്ടായി. ഇതിനുപിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയാന്‍ നില്‍ക്കാതെ സ്വന്തം നിലക്ക് എല്‍.ജെ.പി കോടതിയില്‍ പുനഃപരിശോധനാ ഹരജിയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."