ഗോകുലത്തിന് താരങ്ങളെ വേണം; വലയുമായി വലേറയും ഗ്രെക്കോയും
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ നടക്കുന്ന മൈതാനങ്ങളിലെ ഗാലറികളില്‍ രണ്ടു വിദേശികളെ എന്നും കാണാം. ഫെര്‍ണാണ്ടോ ആന്‍ഡ്രസ് സാന്റിയാഗോ വലേറയും ലൂയി ഗ്രെക്കോയും. ഗോകുലം എഫ്.സിയുടെ പുതിയ പരിശീലകനാണ് വലേറ. ലൂയി ഗ്രെക്കോ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റും. ഗോകുലം എഫ്.സിയിലേക്ക് പുതിയ താരങ്ങളെ കണ്ടെത്താനാണ് ഇരുവരും കൊല്‍ക്കത്തയില്‍ ചുറ്റിക്കറങ്ങുന്നത്.
മികച്ച അണ്ടര്‍ 21 താരങ്ങളാണ് ഇവരുടെ ലക്ഷ്യം. പോരാട്ടങ്ങള്‍ പൂര്‍ണ സമയം കണ്ട ശേഷം ഇരുവരും താരങ്ങളും പരിശീലകരുമായി സംസാരിച്ചാണ് മടങ്ങുന്നത്. ഗോകുലം എഫ്.സിക്ക് മികച്ചൊരു ഫുട്‌ബോള്‍ അക്കാദമി ഉണ്ടാക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ലൂയി ഗ്രേക്കോ വ്യക്തമാക്കി. ബ്രസീലുകാരനായ ഗ്രേക്കോ 11 വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോളുമായി സഹവാസം തുടങ്ങിയിട്ട്. മോഹന്‍ ബഗാന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ച ഗ്രേക്കോ ഇന്ത്യയിലെ വിവിധ ക്ലബുകള്‍ക്കും അക്കാദമികള്‍ക്കുമായി പ്രവര്‍ത്തിച്ചു.
ഇന്ത്യന്‍ സാഹചര്യങ്ങളെയും താരങ്ങളെയും കുറിച്ച് നന്നായി അറിവുള്ള ഫുട്‌ബോള്‍ വിദഗ്ധന്‍ കൂടിയാണ് ഗ്രേക്കോ. വലേറയുടെ വരവോടെ ഗോകുലത്തിന്റെ നിലവിലെ പരിശീലകന്‍ ബിനോ ജോര്‍ജ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പദവിയിലേക്ക് മാറും. ബിനോയുമായി ചേര്‍ന്ന് ഗോകുലത്തിന് വിജയങ്ങളും പ്രശസ്തിയും നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് വലേറ പറഞ്ഞു. സൂപ്പര്‍ കപ്പിന് പിന്നാലെ മാത്രമേ വലേറ പരിശീലകന്റെ ചുമതല ഏറ്റെടുക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."